മലയാള സിനിയെ പിടിച്ചുലച്ച ലൈംഗികാതിക്രമ ആരോപണങ്ങളിൽ ഇടപെട്ട് ദേശീയ വനിതാ കമ്മീഷൻ. ഹേമ കമ്മറ്റി റിപ്പോർട്ടിൻ്റെ പൂർണ്ണരൂപം പുറത്തുവിടണമെന്ന് ദേശീയ വനിതാ കമ്മീഷൻ (എൻസിഡബ്ല്യു) ശനിയാഴ്ച്ച ആവശ്യപ്പെട്ടു.

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കമ്മീഷൻ ചില ഉത്കണ്ഠാജനകമായ കണ്ടെത്തലുകൾ നിരീക്ഷിച്ചതായി വനിതാ കമ്മീഷൻ പുറത്തിറക്കിയ ഔദ്യോഗിക പത്രക്കുറിപ്പിൽ പറഞ്ഞു. ഇത് “തൊഴിൽസ്ഥലത്തെ പീഡനം, ലിംഗാധിഷ്ഠിത വിവേചനം, മറ്റ് തരത്തിലുള്ള ചൂഷണങ്ങൾ” എന്നിവയുൾപ്പെടെയുള്ള ചില ഗുരുതരമായ പ്രശ്നങ്ങളിലേക്ക് വിരൽ ചൂണ്ടുന്നുതാണ്. ഇത് മലയാളം സിനിമാ വ്യവസായത്തിലെ സ്ത്രീകളെ നേരിട്ട് ബാധിക്കുന്നതാണെന്നും കമ്മീഷൻ പറഞ്ഞു.

“ഈ ആശങ്കകൾക്ക് മറുപടിയായി, ഹേമ കമ്മറ്റിയുടെ പൂർണ്ണമായ റിപ്പോർട്ട് തേടാൻ ദേശീയ വനിതാ കമ്മീഷൻ നടപടികൾ സ്വീകരിച്ചു, കാരണം അതിൻ്റെ ഭാഗങ്ങൾ മാത്രമേ ഇപ്പോൾ പൊതുസമക്ഷം ലഭ്യമായിട്ടുള്ളൂ. ഈ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള ശ്രമങ്ങൾ തുടരാൻ കമ്മീഷൻ പ്രതിജ്ഞാബദ്ധമാണ്. സ്ത്രീകളുടെ അവകാശങ്ങൾ ഉയർത്തിപ്പിടിക്കുന്നുണ്ടെന്നും സുരക്ഷിതവും തുല്യവുമായ തൊഴിൽ അന്തരീക്ഷം സിനിമ മേഖലയിൽ പരിപോഷിപ്പിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാൻ അധികാരികൾ ഇടപെടേണ്ടതുണ്ട്.” പത്രക്കുറിപ്പിൽ പറഞ്ഞു.