മും​ബൈ: നാ​സി​ക് ടി​സി​എ​സ് ഓ​ഫീ​സി​ലെ പീ​ഡ​ന​ക്കേ​സി​ൽ അ​തി​ജീ​വി​ത പോ​ലീ​സി​ന് ന​ൽ​കി​യ മൊ​ഴി​യി​ലെ ഞെ​ട്ടി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ പു​റ​ത്ത്. ജോ​ലി​യി​ൽ ചേ​ർ​ന്ന​തു മു​ത​ൽ നേ​രി​ട്ട മാ​ന​സി​ക​വും ശാ​രീ​രി​ക​വു​മാ​യ പീ​ഡ​ന​ങ്ങ​ളെ​ക്കു​റി​ച്ച് അ​തീ​വ ഗൗ​ര​വ​ക​ര​മാ​യ ആ​രോ​പ​ണ​ങ്ങ​ളാ​ണ് യു​വ​തി ഉ​ന്ന​യി​ച്ചി​രി​ക്കു​ന്ന​ത്.

2025 ജൂ​ണി​ലാ​ണ് യു​വ​തി അ​സോ​സി​യേ​റ്റാ​യി നാ​സി​ക് ബ്രാ​ഞ്ചി​ൽ ചേ​രു​ന്ന​ത്. വി​വാ​ഹം ക​ഴി​ഞ്ഞ ഉ​ട​നെ​യാ​യി​രു​ന്നു ഇ​ത്. ലോ​ൺ​സ് ബ്രാ​ഞ്ചി​ലെ ടീം ​ലീ​ഡ​റാ​യ റാ​സ മേ​നോ​ൻ നി​ര​ന്ത​രം ട്രെ​യി​നിം​ഗ് റൂ​മി​ൽ വന്നു യു​വ​തി​യു​ടെ സ്വ​കാ​ര്യ ജീ​വി​ത​ത്തെ​ക്കു​റി​ച്ച് ചോ​ദി​ക്കു​മാ​യി​രു​ന്നു. “ഭ​ർ​ത്താ​വ് ദൂ​രെ​യ​ല്ലേ, പേ​ടി​യാ​കു​ന്നി​ല്ലേ?” എ​ന്നും ഹ​ണി​മൂ​ൺ വി​ശേ​ഷ​ങ്ങ​ൾ പ​ങ്കു​വയ്​ക്കാ​നും ഇ​യാ​ൾ നി​ർ​ബ​ന്ധി​ച്ച​താ​യി യു​വ​തി പ​റ​യു​ന്നു. ട്രെ​യി​നിം​ഗ് ലീ​ഡ​റാ​യ ഷാ​രൂ​ഖ് ഖു​റേ​ഷി ഇ​തി​നെ​യെ​ല്ലാം പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യാ​യി​രു​ന്നു. “പ്ലെ​യ​ർ” എ​ന്ന വി​ളി​പ്പേ​ര് ന​ൽ​കി അ​വ​ർ യു​വ​തി​യെ ജോ​ലി​സ്ഥ​ല​ത്തു പ​ര​സ്യ​മാ​യി അ​പ​മാ​നി​ച്ചു.

ട്രെ​യി​നിം​ഗ് ക​ഴി​ഞ്ഞു ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച ശേ​ഷ​വും അ​തി​ക്ര​മ​ങ്ങ​ൾ തു​ട​ർ​ന്നു. ഇ​ക്ക​ഴി​ഞ്ഞ മാ​ർ​ച്ച് മാ​സ​ത്തി​ൽ ഗു​ഡി പ​ഡ്വ ദി​ന​ത്തി​ൽ ഓ​ഫീ​സി​ലെ ലോ​ബി​യി​ൽ വ​ച്ചു റാ​സ മേ​നോ​ൻ ത​ന്‍റെ സാ​രി​യു​ടെ തു​മ്പി​ൽ പി​ടി​ച്ചു വ​ലി​ച്ച​താ​യി യു​വ​തി മൊ​ഴി ന​ൽ​കി. മ​റ്റൊ​രു ടീ​മി​ലെ ജീ​വ​ന​ക്കാ​ര​നാ​യ ആ​സി​ഫ് അ​ൻ​സാ​രി സീ​റ്റു​ക​ൾ ഉ​ണ്ടെ​ങ്കി​ലും ത​ന്‍റെ തൊ​ട്ട​ടു​ത്തു വ​ന്നി​രി​ക്കു​ക​യും ശ​രീ​ര​ത്തി​ൽ സ്പ​ർ​ശി​ക്കു​ക​യും ചെ​യ്തി​രു​ന്നു. തോ​ളി​ലും തു​ട​യി​ലും കൈ​വെ​ച്ചും ശ​രീ​ര​ത്തി​ൽ ക​ട​ന്നു​പി​ടി​ച്ചും ഇ​യാ​ൾ ഉ​പ​ദ്ര​വി​ച്ചു. “നി​ന​ക്ക് സീ​റോ ഫി​ഗ​ർ ആ​ണ്” എ​ന്ന​ട​ക്ക​മു​ള്ള അ​ശ്ലീ​ല ക​മ​ന്‍റു​ക​ളും ഇ​യാ​ൾ ന​ട​ത്തി.

സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ യു​വ​തി​യെ പി​ന്തു​ട​ർ​ന്ന് ശ​ല്യം ചെ​യ്യു​ക​യും ബ്ലോ​ക്ക് ചെ​യ്ത​പ്പോ​ൾ ജോ​ലി​യി​ൽ ത​ട​സ​മു​ണ്ടാ​ക്കു​മെന്നു ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. ഹി​ന്ദു ദൈ​വ​ങ്ങ​ളെ അ​ധി​ക്ഷേ​പി​ക്കു​ന്ന പ​രാ​മ​ർ​ശ​ങ്ങ​ൾ ആ​സി​ഫ് ന​ട​ത്തി​യ​താ​യും പ​രാ​തി​യി​ലു​ണ്ട്. എ​ന്നാ​ൽ അ​റ​സ്റ്റി​ലാ​യ റാ​സ​യു​ടെ കു​ടും​ബം ഈ ​ആ​രോ​പ​ണ​ങ്ങ​ളെ​ല്ലാം നി​ഷേ​ധി​ക്കു​ക​യാ​ണ്. റാ​സ ഒ​രു ‘ഹൈ ​പെ​ർ​ഫോ​മ​ർ’ ആ​ണെ​ന്നും ഓ​ഫീ​സി​ലെ രാഷ്‌ട്രീയ​വും ശ​ത്രു​ത​യു​മാ​ണ് ഇ​ത്ത​രം പ​രാ​തി​ക​ൾ​ക്കു പി​ന്നി​ലെ​ന്നും അ​വ​ർ ആ​രോ​പി​ക്കു​ന്നു. കേ​സി​ൽ മ​ത​പ​ര​മാ​യ വി​വേ​ച​നം ന​ട​ക്കു​ന്നു​ണ്ടെ​ന്നും അ​വ​ർ വാ​ദി​ച്ചു.

നി​ല​വി​ൽ എ​ട്ടു​പേ​ർ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലാ​ണ്. ടി​സി​എ​സ് നി​യോ​ഗി​ച്ച പ്ര​ത്യേ​ക അ​ന്വേ​ഷ​ണ പാ​ന​ൽ ഓ​ഫീ​സി​ലെ ആ​ഭ്യ​ന്ത​ര കാ​ര്യ​ങ്ങ​ളും രേ​ഖ​ക​ളും പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണ്. ജോ​ലി ന​ഷ്ട​പ്പെ​ടു​മെ​ന്ന ഭ​യ​ത്താ​ലാ​ണ് ആ​ദ്യം പ​രാ​തി ന​ൽ​കാ​തി​രു​ന്ന​തെ​ന്ന് അ​തി​ജീ​വി​ത പോ​ലീ​സി​നോ​ടു വ്യ​ക്ത​മാ​ക്കി.