ബിഗ് ബോസ് മലയാളം അഞ്ചാം സീസണിലൂടെ പ്രേക്ഷകരുടെ മനംകവർന്ന താരമാണ് നാദിറ മെഹ്റിൻ. മോഡലിംഗിലും അഭിനയരംഗത്തും സജീവമായ നാദിറ, അടുത്തിടെ നൽകിയ അഭിമുഖത്തിൽ തന്റെ കുടുംബവുമായുള്ള ആത്മബന്ധത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചുള്ള തന്റെ നിലപാടുകളെക്കുറിച്ചും വ്യക്തമാക്കി. കുടുംബമാണ് തന്റെ ഏറ്റവും വലിയ സന്തോഷമെന്നും, അവർക്കൊപ്പം ജീവിക്കാൻ ആഗ്രഹിക്കുന്ന ഒരു വ്യക്തിയാണ് താനെന്നും നാദിറ പറയുന്നു.

തനിക്ക് വിവാഹം കഴിക്കണമെന്നോ പ്രണയിച്ചു നടക്കണമെന്നോ യാതൊരു താൽപ്പര്യവുമില്ലെന്ന് നാദിറ വ്യക്തമാക്കി. ‘ഇപ്പോൾ ഇരുപത്തിയാറ് വയസ്സായി. പലരും വിവാഹത്തെക്കുറിച്ച് ചോദിക്കാറുണ്ട്, പക്ഷെ എനിക്ക് താൽപ്പര്യമില്ല. അനിയത്തിയുടെ വിവാഹവും അവളുടെ ജീവിതവും കുടുംബത്തിന്റെ സന്തോഷവുമൊക്കെ കണ്ട് ആസ്വദിച്ചാൽ മാത്രം മതി. ഞാൻ കുടുംബത്തെ അങ്ങേയറ്റം സ്നേഹിക്കുന്ന ഒരാളാണ്. കുടുംബമില്ലാത്ത ജീവിതത്തെക്കുറിച്ച് എനിക്ക് ചിന്തിക്കാൻ പോലുമാവില്ല,’ നാദിറ പറഞ്ഞു.

വീട്ടിൽ നിന്ന് ഒളിച്ചോടിയ സമയത്തെക്കുറിച്ചും പിന്നീട് തിരികെ വന്നതിനെക്കുറിച്ചും താരം അഭിമുഖത്തിൽ പങ്കുവെച്ചു. ‘വീട്ടിൽ നിന്ന് പോയി അഞ്ചാറ് ദിവസം കഴിഞ്ഞപ്പോൾ തന്നെ ഞാൻ തിരികെ വരാൻ ആഗ്രഹിച്ചിരുന്നു. എനിക്ക് അവരില്ലാതെ പറ്റില്ലായിരുന്നു. 

വീട്ടിൽ ചായ കൊണ്ടുവരുന്ന ഉമ്മയും, ബസ് യാത്രയ്ക്കുള്ള കാശും വൈകീട്ട് പലഹാരവുമായി എത്തുന്ന വാപ്പയുമൊക്കെയാണ് എന്റെ സന്തോഷം. ഇതൊക്കെ അനുഭവിച്ച് ജീവിക്കുമ്പോൾ മറ്റൊന്നും എനിക്ക് വേണ്ട,’ നാദിറ കൂട്ടിച്ചേർത്തു. ബിഗ് ബോസ് ഷോയ്ക്ക് ശേഷം തന്റെ വ്യക്തിത്വത്തെ വീട്ടുകാർ പൂർണ്ണമായി അംഗീകരിച്ചതിലും വലിയ സന്തോഷമുണ്ടെന്നും താരം വ്യക്തമാക്കി.