തിരുവനന്തപുരം: സർക്കാറുമായി ഇടഞ്ഞുനിൽക്കുന്ന ഐ.എ.എസ് ഉദ്യോഗസ്ഥൻ എൻ. പ്രശാന്തിന്‍റെ സസ്പെൻഷൻ ആറു മാസത്തേക്കുകൂടി നീട്ടി. ഇപ്പോഴത്തെ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെതിരെ നേരത്തേ സമൂഹമാധ്യമങ്ങൾ വഴി അപകീർത്തികരമായ പരാമർശങ്ങൾ നടത്തുകയും മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം നടന്ന ഹിയറിങ്ങിലും ശേഷവും നിലപാടിലുറച്ച് നിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് നടപടി.
മേയ് അഞ്ചിന് ചേർന്ന സസ്പെൻഷൻ റിവ്യൂ കമ്മിറ്റി പ്രശാന്തിനെതിരായ നടപടി തുടരാൻ സർക്കാറിനോട് ശിപാർശ ചെയ്തിരുന്നു. ഇത് പരിഗണിച്ച് മേയ് 10 മുതൽ പ്രാബല്യത്തിൽ വരത്തക്കവിധം 180 ദിവസത്തേക്ക് സസ്പെൻഷൻ നീട്ടിയാണ് പൊതുഭരണ വകുപ്പ് ബുധനാഴ്ച ഉത്തരവിറക്കിയത്. ജയതിലക് ചീഫ് സെക്രട്ടറിയായി ചുമതലയേറ്റ ശേഷമാണ് സസ്പെൻഷൻ നീട്ടലെന്നത് ശ്രദ്ധേയം.
ഡോ. എ. ജയതിലകിനെതിരായ പരസ്യ അധിക്ഷേപങ്ങളുടെ പേരിലാണ് പ്രശാന്തിനെ 2024 നവംബര്‍ 11ന് സസ്പെൻഡ് ചെയ്തത്. അച്ചടക്ക നടപടിയുടെ കാലത്ത് അന്നത്തെ ചീഫ് സെക്രട്ടറി ശാരദ മുരളീധരനുമായും എറ്റുമുട്ടലിലായിരുന്നു പ്രശാന്ത്. ചീഫ് സെക്രട്ടറിക്കെതിരെ വക്കീൽ നോട്ടീസ് അയച്ചു. ജയതിലകിനെതിരെ സമൂഹമാധ്യമ വിമർശനങ്ങൾ തുടർന്നു. ഇതോടെ, ജനുവരി ഒമ്പതിന് പ്രശാന്തിന്റെ സസ്പെൻഷൻ നാലു മാസത്തേക്ക് നീട്ടി.



