നേപ്യിഡോ: മ്യാൻമറിലെ സൈനിക സർക്കാരിനെതിരെ മെഴുകുതിരി കൊളുത്തി സമരം ചെയ്ത ആളുകൾക്കിടയിലേക്ക് പാരഗ്ലൈഡറിൽ ബോബിട്ടു. 24 പേർക്ക് ദാരുണാന്ത്യം, 47ലേറെ പേർക്ക് ഗുരുതര പരിക്ക്. മോട്ടോറൈസ്ഡ് പാരാഗ്ലൈഡറിലാണ് ആൾക്കൂട്ടത്തിലേക്ക് ബോംബ് വർഷിച്ചത്. ദേശീയ അവധി ദിനത്തിൽ ചാംഗ് ഉ വിൽ പ്രതിഷേധവുമായി ഒത്തുചേർന്ന നൂറിലേറെ പേർക്ക് നടുവിലേക്കാണ് ബോംബിട്ടത്. രാത്രി 8 മണിയോടെയായിരുന്നു പ്രതിഷേധം തുടങ്ങിയത്. രണ്ട് ബോംബുകളാണ് ആൾക്കൂട്ടത്തിന് ഇടയിലേക്ക് ബോംബിട്ടത്. മൂന്ന് സൈനികർക്ക് ഇരിക്കാൻ കഴിയുന്ന പാരാഗ്ലൈഡറിലാണ് ബോംബ് എത്തിച്ചതെന്നാണ് അന്തർ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പൊട്ടിത്തെറിയിൽ തിരിച്ചറിയാൻ കഴിയാത്ത രീതിയിലായിരുന്നു മൃതദേഹങ്ങളുണ്ടായിരുന്നത്. ഏഴ് മിനിറ്റോളമാണ് ആക്രമണം നീണ്ടത്. മൃതദേഹങ്ങളിൽ പലതും പൂർണമായി ചിന്നിച്ചിതറിയ നിലയിലാണെന്നാണ് അന്തർ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതിന് മുൻപും സമാനമായ രീതിയിൽ സൈന്യത്തിന്റെ ആക്രമണം മേഖലയിൽ ഉണ്ടായിരുന്നതായാണ് സൈന്യം വിശദമാക്കുന്നത്.

2024 ഡിസംബറിലാണ് പാരാമോട്ടോറുകളിലെ ആക്രമണം മേഖലയിൽ ആദ്യമായി നടന്നത്. ഇതിന് ശേഷം ഇത്തരം ആക്രമണം വലിയ രീതിയിൽ നടന്ന് വരുന്നതായാണ് ദൃക്സാക്ഷികൾ അന്തർ ദേശീയ മാധ്യമങ്ങളോട് വിശദമാക്കുന്നത്. പരിക്കേറ്റവരുടെ നില അതീവ ഗുരുതരമായതിനാൽ മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന. മരിച്ചവരിൽ കുട്ടികളും സ്ത്രീകളുമുണ്ട്. സൈനിക സർക്കാർ വിരുദ്ധ പ്രതിഷേധം സംഘടിപ്പിച്ചവരും കൊല്ലപ്പെട്ടവരിലുണ്ട്. പരിപാടിയിൽ പങ്കെടുത്ത സാധാരണക്കാർക്ക് നേരെയാണ് ബോംബ് വർഷിച്ചതെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. നേരത്തെ ഏപ്രിൽ മാസത്തിൽ ജണ്ട സാധാരണക്കാർക്ക് നേരെ ആയുധം പ്രയോഗിക്കുന്നതായി യുഎൻ റിപ്പോർട്ട് ചെയ്തിരുന്നു.