ദുബായ് : പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ താൻ പരാതി ഉന്നയിച്ചത് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്ന പ്രചാരണം തീർത്തും തെറ്റാണെന്ന് യുഎഇയിലെ പ്രവാസി എഴുത്തുകാരി ഹണി ഭാസ്കരൻ. രാഷ്ട്രീയ ഗൂഢാലോചനയിൽ പങ്കെടുത്ത് ആരോപണവുമായി എതിർ പാർട്ടിയിലെ ആളുകൾ രംഗത്ത് വരുന്നു എന്ന് പറയുന്നത് മനസ്സിലാക്കാം.

എന്നാലിവിടെ സ്വന്തം പാർട്ടിയിലെ ആൾക്കാർ തന്നെയാണ് രാഹുലിനെതിരെ ഹോട്ടലിലേക്ക് ക്ഷണിച്ചു എന്നതടക്കമുള്ള ഗുരുതര ആരോപണമുന്നയിച്ചിരിക്കുന്നത്. രാഷ്ട്രീയ ഗൂഢാലോചനയിൽ പങ്കെടുക്കാൻ ഇത്രമാത്രം സ്ത്രീകൾ ഇവിടെ ഒരുമ്പെട്ടു നിൽക്കുകയാണെന്നാണോ ഉദ്ദേശിക്കുന്നതെന്നും ഹണി ചോദിച്ചു. ഒരു വ്യക്തിക്കെതിരെ ആരെങ്കിലും ആരോപണമുന്നയിക്കുമ്പോൾ അയാളിൽ നിന്ന് മോശപ്പെട്ട അനുഭവമുണ്ടായ മറ്റു സ്ത്രീകളും മുന്നോട്ടുവരുക സ്വാഭാവികമാണ്.

അതിൽ നമ്മൾ രാഷ്ട്രീയവും മറ്റും കുത്തിത്തിരുകിയിട്ട് പ്രശ്നത്തിന്റെ ഗൗരവം ചോർത്തിക്കളയരുത്. സ്ത്രീകൾക്ക് ഒട്ടും അനുയോജ്യമായ സാമൂഹിക വ്യവസ്ഥിതിയിൽ നിന്നുകൊണ്ടാണ് അവർ, അവർക്ക് നേരിടേണ്ടിവരുന്ന പ്രശ്നങ്ങളെക്കുറിച്ച് തുറന്നുപറയുന്നത്. അപ്പോൾ അവർ നേരിടുന്ന സൈബർ ആക്രമണം വളരെ വലുതാണ്.

മരിച്ചുപോയവരും ജീവിച്ചിരിക്കുന്നവരുമായ മാതാപിതാക്കളെയും രക്ഷിതാക്കളെയും ബന്ധുക്കളെയും സുഹൃത്തുക്കളേയുമൊക്കെ സമൂഹമാധ്യമത്തിൽ മോശമായി ചിത്രീകരിച്ച് പലരും അവരെ നേരിടാൻ ശ്രമിക്കുന്നു. സൈബർ ആക്രമണം എന്ന ഭീകര സാഹചര്യത്തിലേക്ക് സ്ത്രീകൾ അനാവശ്യമായി വന്നുകൊണ്ടിരിക്കുന്നു എന്ന് പറയുന്നത് തന്നെ മണ്ടത്തരമാണ്. രാഹുലിന്റെ കാര്യത്തിൽ മുൻപും പലരും അവരുടെ ദുരനുഭവം പങ്കുവച്ചിട്ടുണ്ട്.