തിരുവനന്തപുരം:മുന്നിൽ വരുന്ന ഫയലുകൾ അഞ്ചുദിവസത്തിനുള്ളിൽ തീർപ്പാക്കണമെന്ന മന്ത്രി കെ.ബി. ഗണേഷ്കുമാറിന്റെ നിർദേശത്തിന് വിലകല്പിക്കാതെ മോട്ടോർവാഹനവകുപ്പ് ഉദ്യോഗസ്ഥർ. കർശന നടപടി എടുക്കുമെന്ന് മന്ത്രിയും ട്രാൻസ്പോർട്ട് കമ്മിഷണറും കടുപ്പിച്ചിട്ടും മെല്ലെപ്പോക്കിൽ മാറ്റമില്ല.

അപേക്ഷർ നേരിട്ട് എത്തേണ്ടാത്ത ഫേസ്ലെസ് അപേക്ഷകളിൽ തീരുമാനമെടുക്കാതെ കൂട്ടിവെക്കുന്നത് കണ്ടെത്തിയിട്ടും ഉന്നത ഉദ്യോഗസ്ഥരും ഇടപെടുന്നില്ല. ആർടിഒമുതൽ ജോ. ട്രാൻസ്പോർട്ട് കമ്മിഷണർമാർവരെയുള്ള ഉദ്യോഗസ്ഥർക്ക് പലതട്ടിലായി ഫയൽനീക്കത്തിന്റെ നിരീക്ഷണച്ചുമതല നൽകിയതും ഫലംകണ്ടില്ല. 

തിരക്കുള്ള ഓഫീസുകളിലെ ജോലിഭാരം കുറയ്ക്കുന്നതിനുവേണ്ടി മറ്റ് സ്ഥലങ്ങളിലേക്ക് ഫയൽ കൈമാറാനുള്ള നീക്കവും അപേക്ഷകർക്ക് ഗുണകരമല്ല. കൊല്ലം ഓഫീസിൽനിന്ന് ജൂൺ ഒൻപതിന് തളിപ്പറമ്പിലേക്ക് കൈമാറിയ അപേക്ഷ 30 ദിവസത്തിനുശേഷമാണ് പരിഗണിച്ചത്.

ഡ്യൂപ്ലിക്കേറ്റ് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിനുള്ള ഫയൽ കഴിഞ്ഞദിവസം തളിപ്പറമ്പിലെ ഉദ്യോഗസ്ഥർ എടുത്തതല്ലാതെ തീരുമാനമായിട്ടില്ല. ഇത്തരത്തിൽ നിരവധി അപേക്ഷകൾ വിവിധ ഓഫീസുകളിലായി കെട്ടിക്കിടപ്പുണ്ട്. ഇടനിലക്കാരെ ഒഴിവാക്കാൻ കൊണ്ടുവന്ന ആധാർ അധിഷ്ഠിത ഫേസ്ലെസ് സംവിധാനം അട്ടിമറിക്കാൻ ഒരുവിഭാഗം ഉദ്യോഗസ്ഥർ ശ്രമിക്കുന്നുണ്ട്.

ഇടനിലക്കാർക്ക് പ്രത്യേക പരിഗണന

ഇടനിലക്കാരെ ചുമതലപ്പെടുത്തിക്കൊണ്ടുള്ള വാഹന ഉടമയുടെ അനുമതിപത്രം ഉൾപ്പെട്ട അപേക്ഷകളിൽ വേഗത്തിൽ തീർപ്പുണ്ടാകും. ഏജന്റിന്റെ സാന്നിധ്യം ഇതുവഴിയാണ് തിരിച്ചറിയുന്നത്. ഒരോ വിഭാഗത്തിലെ അപേക്ഷയ്ക്കും നിശ്ചിത തുക കൈക്കൂലി നിശ്ചയിച്ചിട്ടുണ്ടെന്നും ആരോപണമുണ്ട്. ഇടപാടുകൾക്ക് കൂട്ടുനിൽക്കാത്ത ഉദ്യോഗസ്ഥരുണ്ടെങ്കിലും അവർക്ക് മേലുദ്യോഗസ്ഥരിൽനിന്ന് സംരക്ഷണം ലഭിക്കുന്നില്ലെന്ന പരാതിയുമുണ്ട്.