ഇ.പി ജയരാജനുമായി ബന്ധപ്പെട്ടുണ്ടായ ആത്മകഥാ വിവാദത്തിൽ പ്രതികരിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ​ഗോവിന്ദൻ. ജയരാജന്‍ പറയുന്നത് വിശ്വസിക്കുക എന്നതാണ് പാര്‍ട്ടിക്ക് ചെയ്യാന്‍ കഴിയുന്നത്. ഈ വിവാദം ഉപതിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും അദ്ദേഹം കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.

“ജയരാജന്‍ പറഞ്ഞ കാര്യം ഞാന്‍ കണ്ടതാണ്. വളരെ പ്രകോപിതനായാണ് അദ്ദേഹം ഇക്കാര്യത്തോട് പ്രതികരിച്ചത്. തെറ്റായ പ്രചരണമാണ് നടക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കിയതാണ്. രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന് ജയരാജന്‍ പറഞ്ഞെങ്കില്‍ അത് അദ്ദേഹം പരിശോധിച്ചോട്ടെ. വിഷയത്തിൽ പാര്‍ട്ടിക്ക് കൃത്യമായ ധാരണയുണ്ട്. പുസ്തകം എഴുതിയിട്ടില്ലെന്ന് ജയരാജന്‍ പറഞ്ഞ് കഴിഞ്ഞാല്‍ പിന്നെ എന്ത് ചോദ്യമാണുള്ളത്. പാര്‍ട്ടി ഒറ്റക്കെട്ടായി മുന്നോട്ട് പോകുകയാണ്. ഇങ്ങനെയാരു വാര്‍ത്ത സൃഷ്ടിച്ച് പാര്‍ട്ടിക്കുമേല്‍ കെട്ടിവയ്ക്കാനുള്ള ശ്രമമാണ് മാധ്യമങ്ങള്‍ നടത്തിയത്.” എം.വി ഗോവിന്ദൻ പറഞ്ഞു.

ആളുകള്‍ പുസ്തകം എഴുതുന്നതും രചന നടത്തുന്നതും പാര്‍ട്ടിയെ അറിയിക്കേണ്ടതില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു. എന്നാൽ, പ്രസിദ്ധീകരിക്കണമെങ്കില്‍ പാർട്ടിയോട് ആലോചിക്കണം. നിയമപരമായി വിഷയത്തെ കൈകാര്യം ചെയ്യുമെന്ന് ജയരാജന്‍ പറഞ്ഞുകഴിഞ്ഞു. പാര്‍ട്ടിക്കെതിരായ ഗൂഢാലോചന വേറെ ചര്‍ച്ച ചെയ്യാമെന്നും ​ഗോവിന്ദൻ കൂട്ടിച്ചേർത്തു.