യുഎസ് ഇവി നിർമാതാക്കളായ ടെസ്ല കുറച്ചുകാലമായി ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമാണ്. ഡൊണാൾഡ് ട്രംപിന്റെ തിരഞ്ഞെടുപ്പ് മുതൽ വൈറ്റ് ഹൗസിൽ ഇലോൺ മസ്കിന്റെ സ്വാധീനം വരെയുള്ള എല്ലാത്തിനും ലോകം സാക്ഷിയായി. എന്നാൽ ആഗോള വിൽപ്പനയിൽ ടെസ്ലയുടെ ഇടിവും മസ്കും ട്രംപും തമ്മിലുള്ള പോരുമായിരുന്നു പിന്നീട് കണ്ടത്. ഈ കോലാഹലങ്ങൾക്കിടയിൽ, ഓസ്റ്റിനിൽ ടെസ്ലയുടെ റോബോടാക്സികളുടെ അവതരണവും ഒടുവിൽ കഴിഞ്ഞദിവസം നടന്നു.
വിവാദങ്ങൾ നിറഞ്ഞ ഈ ചുരുങ്ങിയ കാലയളവിനുള്ളിൽ ഓട്ടേറെ ഉദ്യോഗസ്ഥരാണ് കമ്പനി വിട്ടുപോയത്. ഇതിൽ ഏറ്റവും ഒടുവിലത്തേത് ടെസ്ലയിലെ ഉന്നത ഉദ്യോഗസ്ഥനും മസ്കിന്റെ ദീർഘകാലത്തെ വിശ്വസ്തനുമായിരുന്ന ഒമീദ് അഫ്ഷറാണ്. അഫ്ഷാർ കമ്പനി വിട്ടതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തപ്പോൾ, ആഗോള വിപണികളിലെ കാർ വിൽപ്പനയിലെ ഇടിവ് കാരണം അദ്ദേഹത്തെ പുറത്താക്കിയെന്നാണ് സിഎൻബിസി സ്ഥിരീകരിക്കുന്നത്.
ആരാണ് ഒമീദ് അഫ്ഷർ?
വടക്കേ അമേരിക്കയിലേയും യൂറോപ്പിലേയും ടെസ്ലയുടെ മാനുഫാക്ചറിങ്ങ് ആൻഡ് ഓപ്പറേഷൻസിന്റെ വൈസ് പ്രസിഡന്റായിരുന്നു അഫ്ഷർ. കൂടാതെ നോർത്ത് അമേരിക്കയിലേയും യൂറോപ്പിലെയും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്തു. പലപ്പോഴും അദ്ദേഹം ‘ദ മസ്ക് വിസ്പർ’ എന്നുപോലും വിശേഷിക്കപ്പെട്ടിരുന്നു. ഇറാനിയൻ മാതാപിതാക്കൾക്ക് ജനിച്ച യുഎസ് പൗരനായ അഫ്ഷർ, 2017-ൽ മസ്കിന്റെ ഓഫീസിൽ ഒരു പ്രോജക്ട് മാനേജറായാണ് ടെസ്ലയിൽ ആദ്യമായി ചേർന്നത്. പിന്നീട് അദ്ദേഹം വേഗത്തിൽ മസ്കിന്റെ വിശ്വാസം നേടി പടിപടിയായി ഉയർന്നു വന്നു.
ടെക്സസിലെ 10 ദശലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള ഗിഗാഫാക്ടറി സ്ഥാപിക്കുന്നതിലുള്ള അദ്ദേഹത്തിന്റെ പങ്കായിരുന്നു ടെസ്ലയിലെ അദ്ദേഹത്തിന്റെ ഏറ്റവും ശ്രദ്ധേയമായ നേട്ടങ്ങളിലൊന്നാണ്. ഇത് ആഗോള വാഹന രംഗത്ത് ടെസ്ലയെ ഒരു പ്രധാന ശക്തിയായി ഉറപ്പിച്ചു.
അഫ്ഷറിന്റെ പങ്ക് ടെസ്ലയ്ക്ക് പുറത്തേക്കും പിന്നീട് വ്യാപിച്ചു. 2022-ൽ സ്പേസ് എക്സിൽ വൈസ് പ്രസിഡന്റായി നിയമിതനായപ്പോൾ അദ്ദേഹം അവിടെ ഒരു നിർണായക പങ്ക് വഹിച്ചു. മസ്ക് ട്വിറ്റർ ഏറ്റെടുത്ത് X ആയി പുനർനാമകരണം ചെയ്തതിലും പ്ലാറ്റ്ഫോമിലെ ചെലവ് ചുരുക്കാനും പുനഃക്രമീകരിക്കാൻ സഹായിക്കുന്നതിലും അദ്ദേഹം ഒരു പ്രധാന പങ്ക് വഹിച്ചു.
ടെസ്ലയിലെ വിവാദങ്ങൾ
ബ്ലൂംബെർഗ് റിപ്പോർട്ട് അനുസരിച്ച്, സ്പേസ് എക്സിലെ വൈസ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുന്നതിന് മുൻപ് 2022-ൽ അഫ്ഷർ ടെസ്ലയിൽ ആഭ്യന്തര അന്വേഷണത്തിന് വിധേയനായിരുന്നു. അന്ന് അദ്ദേഹം പിരിഞ്ഞു പോകേണ്ടിയിരുന്നു എന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു, എന്നാൽ അത് സംഭവിച്ചില്ല.
മസ്കിന്റെ ഒരു രഹസ്യ പദ്ധതിക്കായി ഒരു പ്രത്യേക തരം ഗ്ലാസ് വാങ്ങുന്നതുമായി ബന്ധപ്പെട്ട് അദ്ദേഹം ആഭ്യന്തര അന്വേഷണത്തിന് വിധേയനായി. ടെസ്ലയുടെ സൈബർട്രക്കിന് വേണ്ടിയായിരുന്നു ഇതെന്നാണ് വിവരം. എന്നാൽ, സ്പേസ് എക്സിലെ സേവനത്തിന് ശേഷം, വൈസ് പ്രസിഡന്റായി അഫ്ഷാർ ടെസ്ലയിലേക്ക് തിരികെ വന്നു.