തെലങ്കാനയില്‍ യൂട്യൂബ് വിഡിയോ അനുകരിച്ച് 40കാരനെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി നുറുക്കിയ കേസിൽ മൂന്ന് പേര്‍ പിടിയില്‍. കേസിലെ മുഖ്യപ്രതി ആന്ധ്രപ്രദേശ് സ്വദേശിയായ പരിമി അശോകാണ്. സ്ത്രീകള്‍ ഉള്‍പ്പെടെ മൂന്നു പേരുടെ അറസ്റ്റാണ് പൊലീസ് രേഖപ്പെടുത്തിയത്.
ഗട്‌ല വെങ്കടേശ്വരലു എന്നയാളാണ് ക്രൂരകൊലപാതകത്തിനിരയായത്. പ്രതികളിലൊരാളുമായി വെങ്കടേശ്വരലു പലപ്പോഴും പണം കടം വാങ്ങിയിരുന്നുന്നതായി പൊലീസ് പറയുന്നു. ഇതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
പരിമി യുട്യൂബിലെ വിഡിയോകള്‍ കണ്ട ശേഷം കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി.അക്രമികള്‍ വീട്ടിലെത്തിയാണ് വെങ്കടേശ്വരലുവിനെ കൊലപ്പെടുത്തിയത്. മൃതദേഹം കഷ്ണങ്ങളാക്കി പുതപ്പില്‍ പൊതിഞ്ഞ് മാലിന്യകൂമ്പാരത്തില്‍ ഉപേക്ഷിക്കുകയായിരുന്നു.സമീപത്തെ സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. പ്രതികള്‍ മൃതദേഹം ഒളിപ്പിക്കാന്‍ ഉപയോഗിച്ച വാഹനവും രണ്ട് കത്തികളും പൊലീസ് കണ്ടെടുത്തു.