കാസർകോട്: മുനമ്പം വിഷയത്തിൽ കുഞ്ഞാലിക്കുട്ടിയുടെ നിലപാട് തള്ളി മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജി. മുനമ്പം വഖഫ് ഭൂമിയാണെന്ന് കെഎം ഷാജി ആവർത്തിച്ചു. സാദിഖലി തങ്ങള്‍ വിഷയത്തില്‍ ഇടപെട്ടത് അത് വഖ്ഫ് ഭൂമിയായതു കൊണ്ടാണ്. കേവലം ഭൂമി പ്രശ്‌നമായിരുന്നെങ്കില്‍ ലീഗിന് എന്താണ് റോളെന്നും ഷാജി ചോദിച്ചു. കഴിഞ്ഞദിവസം ഷാജിയുടെ നിലപാടിനെതിരെ രംഗത്തെത്തിയ പികെ കുഞ്ഞാലിക്കുട്ടിയുടെ നിലപാടിനെ തള്ളിയാണ് ഷാജിയുടെ പ്രസ്താവന.

ഏതെങ്കിലും നാട്ടിൽ കുറേ ആളുകൾ സ്ഥലം വാങ്ങിയ രേഖകളിൽ പ്രശ്നങ്ങളുണ്ടെന്ന് കരുതി അത് പരിഹരിക്കാൻ സാദിഖലി തങ്ങൾ പോകുമോ? വഖഫ് ഭൂമി ആയതുകൊണ്ടാണ് സാദിഖലി തങ്ങൾ മുനമ്പത്ത് നേതൃപരമായ ഇടപെടൽ നടത്തിയതെന്നും കാസർകോട് ചട്ടംചാലിൽ നടന്ന മുസ്ലിം ലീഗിന്‍റെ പൊതുയോഗത്തിൽ മുൻ എംഎൽഎ കൂടിയായ കെഎം ഷാജി പറഞ്ഞു.

മുനമ്പത്ത് ഉള്ളത് വഖഫ് ഭൂമിയാണെന്ന കെഎം ഷാജിയുടെ നിലപാടിനെതിരെ മുസ്‍ലിം നേതാവ് പികെ കുഞ്ഞാലിക്കുട്ടി കഴിഞ്ഞദിവസം രംഗത്ത് വന്നിരുന്നു. ഇടതും ബിജെപിയും സാമുദായിക സ്പര്‍ധയുണ്ടാക്കാന്‍ ശ്രമിക്കുമ്പോള്‍ ആരും ഒപ്പം ചേരേണ്ടെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. മുനമ്പത്തെ ഭൂമി വഖഫ് ഭൂമി അല്ലെന്ന പ്രതിപക്ഷ നേതാവ് വിഡി സതീശന്‍റെ നിലപാടിനോട് പ്രതികരിക്കാനില്ലെന്നും ലീഗിന്‍റെ നിലപാട് സാദിഖലി തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും മറ്റാരും പാർട്ടിയാകാൻ നോക്കേണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഷാജി തന്‍റെ മുൻനിലപാട് ആവർത്തിച്ചത്.