കേരളത്തിലെ എംപിമാര്‍ ഫണ്ട് ചെലവഴിക്കുന്നതില്‍ ഏറെ പിന്നിലെന്ന് റിപ്പോര്‍ട്ട്. പാർലമെന്റ് അംഗങ്ങളുടെ പ്രാദേശിക വികസന പദ്ധതിയുടെ (എംപിഎൽഎഡിഎസ്) ഫണ്ടുകളുടെ വിനിയോഗം ദേശീയ ശരാശരിയേക്കാൾ വളരെ താഴെയാണെന്ന് ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. എംപിഎൽഎഡിഎസ് പ്രകാരം, ഓരോ എംപിക്കും പ്രതിവർഷം 5 കോടി രൂപയുടെ നിയോജകമണ്ഡലതല വികസന പ്രവർത്തനങ്ങൾ ശുപാർശ ചെയ്യാൻ അർഹതയുണ്ട്. എന്നാല്‍, 2026 ജനുവരി 21 ലെ എംപവേർഡ് ഇന്ത്യൻ എംപിഎൽഎഡിഎസ് ഡാഷ്ബോർഡിൽ ലഭ്യമായ വിവരമനുസരിച്ച് ഫണ്ട് ഫലപ്രദമായി വിനിയോഗിക്കുന്നതില്‍ കേരള എംപിമാർ പിന്നിലാണെന്ന് വ്യക്തമാകുന്നു.
ദേശീയ തലത്തിൽ, ലോക്സഭാ എംപിമാർ അവരുടെ അര്‍ഹതപ്പെട്ട ഫണ്ടിന്റെ ശരാശരി 28.1% വിനിയോഗിച്ചു. അതേസമയം രാജ്യസഭാ എംപിമാർ 44.2% വിനിയോഗിച്ചു. കേരളത്തിലെ ലോക്സഭാ എംപിമാർ ശരാശരി ലഭ്യമായ ഫണ്ടിന്റെ 11.4% മാത്രമേ ഉപയോഗിച്ചിട്ടുള്ളൂ. അതേസമയം കേരളത്തില്‍ നിന്നുള്ള രാജ്യസഭാ എംപിമാർ 14.74% ഫണ്ട് വിനിയോഗിച്ചു.
സിപിഎം രാജ്യസഭാ എംപി ജോൺ ബ്രിട്ടാസാണ് സംസ്ഥാനത്ത് ഫണ്ട് വിനിയോഗത്തില്‍ ഒന്നാം സ്ഥാനത്ത്. അദ്ദേഹം 26.32% വിനിയോഗിച്ചു. ലോക്സഭാ എംപിമാരിൽ 24.33% വിനിയോഗവുമായി ഡീൻ കുര്യാക്കോസാണ് മുന്നില്‍. തൊട്ടുപിന്നിൽ എൻകെ പ്രേമചന്ദ്രൻ (21.42%), വികെ ശ്രീകണ്ഠൻ (18.72%) എന്നിവര്‍. എറണാകുളം എംപി ഹൈബി ഈഡൻ (15.23%), രാജ്മോഹൻ ഉണ്ണിത്താൻ (14.32%), അടൂർ പ്രകാശ് (14.25%), പ്രിയങ്ക ഗാന്ധി വാദ്ര (13.37%), ശശി തരൂർ (13.28%) എന്നിങ്ങനെയാണ് മറ്റ് കണക്ക്.



