ജയ്പൂർ: അമ്മയുടെ മൃതദേഹം കൊണ്ടുപോകുന്നതിനിടെ നടന്ന വാഹനാപകടത്തിൽ മകനും സഹോദരിയും ബന്ധുവും മരിച്ചു. റോഹ്തക്കിലെ 152D ഫ്ലൈഓവറിൽ നിർത്തിയിട്ടിരുന്ന ഒരു ട്രക്കിൽ കാർ ഇടിച്ചാണ് അപകടം നടന്നത്. എടിഎസ് ഓഫീസർ ആയിരുന്ന എഎസ്ഐ ജോഗീന്ദർ മരണപ്പെട്ടതിനെത്തുടർന്ന് ഇവരുടെ മൃതദേഹം റോഹ്തക്കിലെ വീട്ടിലേക്ക് കൊണ്ടു വരുന്നതിനിടെയാണ് അപകടം. ഹരിയാനയിൽ നിന്നാണ് മൃതദേഹം കൊണ്ടു വന്നിരുന്നത്. സംഭവത്തിൽ ഒരാൾ രക്ഷപ്പെട്ടു. മകൻ കിരാത്ത് (24), സഹോദരി കൃഷ്ണ (61) ബന്ധുവായ സച്ചിൻ, ഒരു പൊലീസ് ഉദ്യോഗസ്ഥ എന്നിവർ മൃതദേഹം വഹിച്ചുകൊണ്ടുള്ള ആംബുലൻസിനെ പിന്തുടർന്ന് ഒരു കാറിൽ യാത്ര ചെയ്യുകയായിരുന്നു. പുലർച്ചെ 4.30 ഓടെ അപകടം സംഭവിക്കുകയായിരുന്നു.

കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു. റോഹ്തക്കിലെ മെഹാം സ്റ്റേഷനിൽ നിന്നും പൊലീസെത്തി കാറിന്റെ മുൻഭാഗം തക‍ർത്ത് മൃതദേഹങ്ങളടക്കം പുറത്തെടുക്കുകയായിരുന്നു. കാറിൽ 4 യാത്രികരാണ് ഉണ്ടായിരുന്നത്. നാല് യാത്രക്കാരെയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും 3 പേരെ രക്ഷിക്കാനായില്ല. മരിച്ചവരിൽ ഒരാളായ അവരുടെ മകൻ സച്ചിൻ അടുത്തിടെ പാലിയിൽ വെറ്ററിനറി ഡോക്ടറായി ജോലിയിൽ പ്രവേശിച്ചതാണെന്ന് പൊലീസ് പറയുന്നു. മൂന്ന് മൃതദേഹങ്ങളും പോസ്റ്റ്‌മോർട്ടത്തിനായി സിവിൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അതേസമയം തകർന്ന കാറും ട്രക്കും പൊലീസ് പിടിച്ചെടുത്തു. യാത്രയ്ക്കിടെ കാർ ഡ്രൈവർ ഉറങ്ങിപ്പോയതായിരിക്കാം അപകട കാരണം എന്നാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതെന്ന് പൊലീസ് പറ‌ഞ്ഞു.