ഇറാന്റെ ആണവ-മിസൈല്‍ പദ്ധതികള്‍ കേവലം പ്രതിരോധ സംവിധാനങ്ങള്‍ എന്നതിലുപരി രാജ്യത്തിന്റെ അഭിമാനവും ദേശീയ സ്വത്തുമാണെന്ന് ഇറാന് പരമോന്നത നേതാവ് ആയത്തുള്ള മുജ്തബ ഖമേനി. ഇറാന്റെ ആണവ-മിസൈല്‍ പദ്ധതികള്‍ അവസാനിപ്പിക്കാനുള്ള യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നീക്കങ്ങള്‍ക്ക് മറുപടിയായിട്ടായിരുന്നു മുജ്തബ ഖൊമേനിയുടെ പ്രസ്താവന.
ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ മകന് മുജ്തബ ഖമനേയിയുടെ ഈ പ്രസ്താവന ആഗോള രാഷ്ട്രീയത്തില്‍ വലിയ പ്രാധാന്യത്തോടെയാണ് നോക്കിക്കാണുന്നത്. ഇറാന്റെ നയതന്ത്ര നിലപാടുകളില്‍ വരാനിരിക്കുന്ന മാറ്റങ്ങളുടെ സൂചനയായിട്ടാണ് ഇതിനെ വിലയിരുത്തുന്നത്.
രാജ്യത്തിനകത്തും പുറത്തമുള്ള ഇറാനികള്‍ രാജ്യത്തിന്റെ ആണവ-മിസൈല്‍ കഴിവുകളെ തങ്ങളുടെ ദേശീയ സ്വത്തായി കാണുന്നു. വെള്ളം, ഭൂമി, വായു അതിര്‍ത്തികള്‍ എന്നിവ പോലെ തന്നെ ആ കഴിവുകളേയും തങ്ങള്‍ സംരക്ഷിക്കുമെന്ന് ഖമേനി പറഞ്ഞു. പേര്‍ഷ്യന്‍ ഉള്‍ക്കടല്‍ ദിനത്തോടനുബന്ധിച്ച് വ്യാഴാഴ്ച പുറത്തിറക്കിയ സന്ദേശത്തിലായിരുന്നു ഖമേനിയുടെ പ്രസ്താവന.
അന്താരാഷ്ട്ര സമ്മര്‍ദ്ദങ്ങള്‍ക്കും ഉപരോധങ്ങള്‍ക്കും മുന്നില്‍ തങ്ങളുടെ മിസൈല്‍ കരുത്ത് കുറയ്ക്കില്ലെന്ന കര്‍ശന സന്ദേശമാണ് ഇതിലൂടെ നല്‍കുന്നത്. ഇറാന്റെ സൈനിക-ആണവ നിലപാടുകളില്‍ അദ്ദേഹം പുലര്‍ത്തുന്ന ഈ കാര്‍ക്കശ്യം വരും ദിവസങ്ങളില്‍ മധ്യേഷ്യന്‍ രാഷ്ട്രീയത്തില്‍ വലിയ ചലനങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയുണ്ട്.



