അമേരിക്ക ഇറാനെതിരെ വീണ്ടും ആക്രമണം നടത്തിയാൽ ശക്തമായ മിസൈൽ-ഡ്രോൺ ആക്രമണങ്ങളിലൂടെ തിരിച്ചടിക്കുമെന്ന് ഇറാൻ പരമോന്നത നേതാവ് മൊജ്താബ ഖമേനിയുടെ സൈനിക ഉപദേഷ്ടാവ്. മേഖലയിൽ യു.എസ്-ഇറാൻ സൈനിക സംഘർഷം അതിരൂക്ഷമായി തുടരുന്നതിനിടയിലാണ് ഇറാന്റെ ഭാഗത്ത് നിന്നുള്ള ഈ കടുത്ത പ്രതികരണം പുറത്തുവന്നിരിക്കുന്നത്.
ഇറാനെതിരെ ഉണ്ടാകുന്ന ചെറിയ നീക്കങ്ങൾക്ക് പോലും വലിയ വില നൽകേണ്ടി വരുമെന്ന് പരമോന്നത നേതാവിന്റെ സൈനിക ഉപദേഷ്ടാവ് മൊഹ്സൻ റെസായ് വ്യക്തമാക്കി. സാമൂഹിക മാധ്യമമായ എക്സിലൂടെയാണ് (X) അദ്ദേഹം ഇറാന്റെ നിലപാട് പരസ്യപ്പെടുത്തിയത്.
“ഇറാനെതിരെ ഉതിർക്കുന്ന ഓരോ വെടിയുണ്ടയ്ക്കും നടത്തുന്ന ഓരോ ആക്രമണത്തിനും പകരമായി മിസൈലുകളുടെയും ഡ്രോണുകളുടെയും ഒരു പ്രളയം തന്നെയായിരിക്കും നേരിടേണ്ടി വരിക. ആക്രമണകാരികൾ ആരായാലും അവർക്ക് എത്രയും വേഗം തന്നെ കടുത്ത ശിക്ഷ ഉറപ്പാക്കും,” മൊഹ്സൻ റെസായ് എക്സിൽ കുറിച്ചു.
കഴിഞ്ഞ ദിവസങ്ങളിൽ ഇറാന്റെ എണ്ണ ടാങ്കറിന് നേരെയും തന്ത്രപ്രധാനമായ ഖേഷ്മ് (Qeshm) ദ്വീപിന് നേരെയും അമേരിക്ക ശക്തമായ ആക്രമണം നടത്തിയിരുന്നു. ഇതിന് പിന്നാലെ മേഖലയിലെ അമേരിക്കൻ സഖ്യകക്ഷികളായ കുവൈറ്റ്, ബഹ്‌റൈൻ എന്നീ രാജ്യങ്ങൾക്ക് നേരെ ഇറാൻ അനുകൂല സംഘടനകൾ തിരിച്ചടി നൽകിയതോടെയാണ് പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യം കൂടുതൽ വഷളായത്. യു.എസിന്റെ ഭാഗത്ത് നിന്ന് ഇനിയൊരു പ്രകോപനമുണ്ടായാൽ അത് സമ്പൂർണ്ണ യുദ്ധത്തിലേക്ക് നയിക്കുമെന്ന സൂചനയാണ് ഇറാൻ ഇപ്പോൾ നൽകുന്നത്.



