തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തി നടന്‍ മോഹൻലാൽ. മോദി മികച്ച ഭരണാധികാരിയാണെന്നും പ്രചോദിപ്പിക്കുന്ന നേതാവാണെന്നും മോഹൻലാൽ അഭിപ്രായപ്പെട്ടു. മോദിയുടെ കാഴ്ചപ്പാടുകളിൽ കരുത്തും വ്യക്തതയുമുണ്ടെന്നും കലാകാരന്മാരോടുള്ള അദ്ദേഹത്തിന്റെ കരുതൽ അനുഭവിച്ചറിഞ്ഞിട്ടുണ്ടെന്നും മോഹൻലാൽ പറഞ്ഞു. കേന്ദ്ര സർക്കാരിന് വേണ്ടിയുള്ള പ്രത്യേക പോഡ്കാസ്റ്റിലാണ് മോഹൻലാലിന്‍റെ പരാമർശം.
പിണറായി-ലാൽ അഭിമുഖം ചർച്ചയായതിന് പിന്നാലെയാണ് മോദിക്ക് പ്രശംസയുമായി മോഹൻലാന്‍റെ പോഡ്കാസ്റ്റ് എത്തുന്നത്. രാജ്യത്തോടുള്ള പ്രധാനമന്ത്രിയുടെ സമർപ്പണ മനോഭാവം മാതൃകയാണെന്നും മോഹൻലാൽ പുകഴ്ത്തി. മോദി രാജ്യത്തെ അമ്മയെപ്പോലെ കാണുന്നു. മോദി ഒരു യോഗിയാണെന്നും വാക്കുകളിൽ ഒതുക്കാവുന്ന വ്യക്തിത്വമല്ല അദ്ദേഹത്തിന്‍റേതെന്നും ലാല്‍ പറയുന്നു. ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളിൽ മോദി രാജ്യത്തെ നയിക്കുന്നത് കണ്ടുപഠിക്കേണ്ടതാണെന്നും മോഹൻലാൽ അഭിപ്രായപ്പെട്ടു. മോദിയുടെ അടുത്തുനിന്നാൽ സ്നേഹം അനുഭവിച്ചറിയാമെന്നും ലാല്‍ പറയുന്നു.



