മലയാളത്തിന്റെ പ്രിയ നടന്‍ സലിം കുമാറിന് ആദരാഞ്ജലി അര്‍പ്പിച്ച് മോഹന്‍ലാല്‍. സിനിമക്ക് അകത്തും പുറത്തും നല്ല ബന്ധം കാത്തുസൂക്ഷിക്കുന്ന പ്രിയ സുഹൃത്താണ് സലിം കുമാറെന്നും അദ്ദേഹത്തിന്റെ വിയോഗം വേദനയുണ്ടാക്കുന്നുവെന്നും മോഹന്‍ലാല്‍ പറഞ്ഞു. മറ്റുള്ളവരെ സഹായിക്കുകയും, അവരെ സഹോദരതുല്യം ചേര്‍ത്തുപിടിക്കുകയും ചെയ്യുന്ന നിഷ്‌കളങ്കമായ സ്‌നേഹത്തിനുടമയായിരുന്നു അദ്ദേഹം. സാമൂഹികവിഷയങ്ങളെ നിരീക്ഷിക്കുകയും, തുറന്ന് അഭിപ്രായപ്രകടനം നടത്തുകയും ചെയ്യുന്ന പൗരബോധം എല്ലാക്കാലത്തും അദ്ദേഹത്തിനുണ്ടായിരുന്നുവെന്നും മോഹന്‍ലാല്‍ അനുസ്മരിച്ചു. ഫേസ്ബുക്കിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഇന്നലെ രാത്രി 10.43 ആണ് മലയാളത്തിന്റെ പ്രിയനടന്‍ സലിംകുമാറിന്റെ മരണം സംഭവിച്ചത്. മൃതദേഹം രാവിലെ 8 മണിയോടെ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. കൊച്ചി അമൃത ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് സലിം കുമാറിന്റെ അന്ത്യം. അവശതകളെ തുടര്‍ന്ന് ഇന്നലെ രാവിലെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയിലെത്തിയ അദ്ദേഹത്തെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരുന്നു.വൈകിട്ട് പറവൂരിലെ വീട്ടുവളപ്പിലാണ് സംസ്‌കാരം. രാവിലെ ഒന്‍പത് മണി മുതല്‍ ഒരു മണിവരെയാണ് പറവൂര്‍ ടൗണ്‍ ഹാളില്‍ പൊതുദര്‍ശനം. സംസ്‌കാരചടങ്ങുകളില്‍ മുഖ്യമന്ത്രിയും , മന്ത്രിമാരും
പങ്കെടുക്കും.

മോഹന്‍ലാലിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ:

പ്രേക്ഷകരെ ഒരേസമയം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ഒട്ടേറെ കഥാപാത്രങ്ങളെ സമ്മാനിച്ചിട്ടാണ് പ്രിയപ്പെട്ട സലിംകുമാര്‍ വിട വാങ്ങിയത്. ദേശീയ പുരസ്‌കാരം വരെ നേടിയ അനുഗ്രഹതീനായ കലാകാരന്‍. മറ്റുള്ളവരെ സഹായിക്കുകയും, അവരെ സഹോദരതുല്യം ചേര്‍ത്തുപിടിക്കുകയും ചെയ്യുന്ന നിഷ്‌കളങ്കമായ സ്‌നേഹത്തിനുടമയായിരുന്നു അദ്ദേഹം. നിരവധി സിനിമകളില്‍ അദ്ദേഹത്തോടൊപ്പം അഭിനയിക്കാന്‍ എനിക്ക് സാധിച്ചു. സിനിമക്ക് അകത്തും പുറത്തും എന്റെ ഒരു നല്ല സുഹൃത്തുകൂടിയായിരുന്നു സലിംകുമാര്‍. സാമൂഹികവിഷയങ്ങളെ നിരീക്ഷിക്കുകയും, തുറന്ന് അഭിപ്രായപ്രകടനം നടത്തുകയും ചെയ്യുന്ന പൗരബോധം എല്ലാക്കാലത്തും അദ്ദേഹത്തിനുണ്ടായിരുന്നു. പ്രിയ സുഹൃത്തിന് വേദനയോടെ ആദരാഞ്ജലികള്‍