മോഹൻലാലിനെ നായകനാക്കി റാഫി- മെക്കാർട്ടിൻ സംവിധാനംചെയ്ത ‘ഹലോ’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഓർമകൾ പങ്കുവെച്ച് മുതർന്ന പ്രൊഡക്ഷൻ കൺട്രോളർ സിദ്ധു പനയ്ക്കൽ. ചിത്രത്തിന്റെ ആദ്യദിവസത്തെ ഷൂട്ടിങ്ങിനിടെയുള്ള ഫോട്ടോ പങ്കുവെച്ചായിരുന്നു കുറിപ്പ്. ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിക്കുന്ന അഡ്വ. ശിവരാമൻ എന്ന കഥാപാത്രത്തിന്റെ വീടായി ഉപയോഗിച്ച വരിക്കാശ്ശേരി മനയിലായിരുന്നു ആദ്യദിവസം ഷൂട്ടിങ്. പൂജ കഴിഞ്ഞ് ആദ്യത്തെ ഷോട്ടെടുക്കുമ്പോഴേക്കും മോഹൻലാലിന്റെ പിതാവിന് അസുഖം കൂടുതലാണെന്ന വാർത്തയെത്തിയെന്നും താരത്തിന് ഉടൻ ഷൂട്ടിങ് നിർത്തിവെച്ച് മടങ്ങേണ്ടി വന്നെന്നും സിദ്ധു ഓർത്തെടുത്തു.
സിദ്ധു പനയ്ക്കൽ പങ്കുവെച്ച കുറിപ്പിന്റെ പൂർണ്ണരൂപം:
ഹലോ എന്ന സിനിമയുടെ ആദ്യ ദിവസത്തെ ഷൂട്ടിങ്ങിന്റെ ഫോട്ടോകളിൽ ഒന്നാണിത്. വരിക്കാശ്ശേരി മനയാണ് ലൊക്കേഷൻ. സാധാരണ എന്റെ സുഹൃത്തുക്കളൊക്കെ ഞാനുമായി ഫോണിൽ സംസാരിക്കുമ്പോൾ ഏതാണ് അടുത്ത പടം എന്നൊക്കെ ചോദിക്കാറുണ്ട് ഞാൻ പടത്തിന്റെ പേരും പറയും. ഈ പടം വന്നപ്പോൾ ഇതേ ചോദ്യത്തിന് ഞാൻ ഹലോ എന്ന് മറുപടി പറയും. ഉടനെ അവിടെനിന്ന് ഹലോ എന്ന് തിരിച്ച് പറയും. അവർ സംസാരിക്കുന്നത് എനിക്ക് കേൾക്കുന്നില്ല എന്ന രീതിയിലാണ് അവർ ഹലോ എന്ന് പറയുന്നത് ഹലോ എന്ന് രണ്ടോ മൂന്നോ തവണ അങ്ങോട്ടും ഇങ്ങോട്ടും ആവർത്തിച്ച ശേഷമാണ് ഇത് സിനിമയുടെ പേരാണെന്ന് അവർക്ക് മനസ്സിലാകുന്നത്.
ഒറ്റപ്പാലം ഊട്ടി തിരുവനന്തപുരം ഇവിടങ്ങളിൽ ഒക്കെയായിരുന്നു ലൊക്കേഷൻ. ജിതിൻ ആർട്സിന്റെ ബാനറിൽ ജോയ് ശക്തികുളങ്ങര നിർമിച്ച ഈ ചിത്രം കഥയും തിരക്കഥയും സംഭാഷണവും എഴുതി സംവിധാനം ചെയ്തത് റാഫി മെക്കാർട്ടിനാണ്. വലിയ ഹിറ്റായിരുന്നു ഈ സിനിമ. എല്ലാവർക്കും സന്തോഷം നൽകിയ ഈ വിജയത്തോടൊപ്പം ഷൂട്ടിംഗ് തുടങ്ങി ഒന്നാമത്തെ ദിവസം ദുഃഖകരമായ ഒരു സംഭവം കൂടി നടന്നു. പൂജയൊക്കെ കഴിഞ്ഞ് ആദ്യത്തെ ഷോട്ട് എടുത്ത് കഴിയുമ്പോഴേക്കും വാർത്തയെത്തി. ലാലേട്ടന്റെ അച്ഛന് അസുഖം കൂടുതലാണ്. വിവരം അറിഞ്ഞ ഉടൻ ഷൂട്ടിംഗ് നിർത്തിവെച്ച് ലാലേട്ടൻ മടങ്ങി. ദുഃഖകരമായ വസ്തുത ആ ദിവസം തന്നെ ഈ ലോകത്തിലെ എല്ലാ കടമകളും പൂർത്തിയാക്കിയശേഷം ലാലേട്ടന്റെ അച്ഛനും ദൈവത്തിനടുത്ത് മടങ്ങി എന്നതാണ്.



