കേരളത്തിന് പ്രകൃതിയും സംസ്കാരവും വിശാലമായ സമുദ്രതീരമുണ്ട് എന്നാൽ വളർച്ച ഉണ്ടാകുന്നില്ല, അതിന് കാരണം മാറി മാറി ഭരിച്ച മുന്നണികളാണ് എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെ ജനത ഇടത്-വലത് അവിശുദ്ധ കൂട്ടുക്കെട്ടിൽ നിന്ന് പുറത്തുവരുന്ന സമയമാണിതെന്ന് പ്രധാനമന്ത്രി പറഞ്ഞു. കൊച്ചിയിൽ എൻ ഡി എ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തൃശ്ശൂരിലെ ജനങ്ങൾ, തിരുവനന്തപുരത്തെ ജനങ്ങൾ കേരളത്തിലെ വിവിധ പഞ്ചായത്തുകളിലെ ജനങ്ങൾ ബിജെപിയിലും എൻഡിയിലും അർപ്പിച്ച വിശ്വാസം പോലെ മുഴുവൻ കേരളവും എൻഡിഎയിൽ വിശ്വാസം അർപ്പിക്കാൻ പോകുകയാണെന്നും അദ്ദേഹം പറഞ്ഞു.
അടുത്ത 5 വർഷം എൻഡിഎയ്ക്ക് അവസരം നൽകിയാൽ വികസിത കേരളം എന്ന അത്ഭുതകരമായ കാഴ്ച കാണാൻ സാധിക്കും. ഇനി കേരളവും മാറും, മാറാത്തതും മാറും കേരളവും വളരും. അദ്ദേഹം പറഞ്ഞു.മാനസിക ശാരീരിക സൗഖ്യത്തിനും വിനോദ സഞ്ചാരത്തിനും കേരളത്തെ ഒന്നാമതെത്തിക്കുകയാണ് എൻഡിഎയുടെ ലക്ഷ്യം. വിവാഹ പാർട്ടികളുടെ ഒന്നാമത്തെ ലക്ഷ്യകേന്ദ്രമായി കേരളം മാറണം. വലിയ വലിയ സമ്മേളനങ്ങൾക്കായി ലോകം കേരളത്തിലെത്തുന്ന സ്ഥിതിയുണ്ടാകാണം. ഇതിന് കേരളത്തിന്റെ അടിസ്ഥാനസൗകര്യമേഖല ആധുനികവത്കരിക്കപ്പെടണം.കലൂരിലെ എൻഡിഎ പൊതുസമ്മേളനത്തിൽ സോളാർ തട്ടിപ്പും ശബരിമല സ്വർണക്കൊള്ളയും ഉയർത്തിയായിരുന്നു പ്രധാനമന്തിയുടെ പ്രസംഗം.
ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും പ്രധാനമന്ത്രി രൂക്ഷ ഭാഷയിൽ വിമർശിച്ചു. കേരളത്തിലെ യുവാക്കൾക്ക് ഡ്രോൺ നിർമ്മാണത്തിൽ എത്രമാത്രം വൈദഗ്ധ്യമുണ്ടെന്ന് കോൺഗ്രസിന്റെ യുവരാജാവിന് അറിയില്ല. ഡ്രോൺ നിർമ്മിക്കുന് നിരവധി കമ്പനികൾ ഭാരതത്തിലുണ്ടെന്ന് ഈ കോൺഗ്രസ് നേതാവിന് അറിയില്ല. കൂപമണ്ഡൂകങ്ങളായ ചിലർക്ക് ഈ രാജ്യത്ത് നടക്കുന്ന പരിവർത്തനം കാണാൻ സാധിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബിജെപിയും എൻഡിഎ സർക്കാർ കേരളത്തിലുണ്ടായാൽ കേരളത്തിലെ പ്രതിഭകളായ യുവാക്കളോട് നീതി പുലർത്തുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ നിക്ഷേപം കൊണ്ടുവരാനുള്ള അന്തരീക്ഷം എൻഡിഎ സഖ്യം ഉണ്ടൈാക്കും. വികസനത്തെ തടസ്സപ്പെടുത്തുന്ന അഴിമതി, ഭൂമാഫിയ, ഹർത്താൽ മാഫിയ എന്നിവയെ എല്ലാം എൻഡിഎ സർക്കാർ തുടച്ചുനീക്കും. എഐ അടക്കമുള്ള ഭാവി സാങ്കേതികവിദ്യകളുടെ കേന്ദ്രമായി കേരളത്തെ മാറ്റും.
പശ്ചിമേഷ്യയിലെ സംഘർഷഭരിതമായ സാഹചര്യത്തിൽ ഗൾഫ് രാജ്യങ്ങളിലെ ഗവൺമെന്റുകൾ അവിടെയുള്ള ഇന്ത്യൻ പൗരന്മാരുടെ ക്ഷേമത്തിനായി മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് അദ്ദേഹം സംതൃപ്തി രേഖപ്പെടുത്തി. അയൽരാജ്യങ്ങളിലെ സർക്കാരുകളുമായുള്ള ഇന്ത്യയുടെ നല്ല ബന്ധം പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ വലിയ പങ്ക് വഹിക്കുന്നുണ്ടെന്നും, അവിടുത്തെ ഭരണകൂടങ്ങളോട് തനിക്ക് നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.വിദേശത്തുള്ള ഇന്ത്യക്കാർക്ക് എല്ലാവിധ പിന്തുണയും നൽകാനായി ഇന്ത്യൻ എംബസികളും മിഷനുകളും സദാസമയവും സജ്ജമാണെന്ന് പ്രധാനമന്ത്രി അറിയിച്ചു. ഭക്ഷണം, താമസം, വൈദ്യസഹായം, നിയമസഹായം എന്നിവ ആവശ്യമായി വരുന്നവർക്കായി 24 മണിക്കൂറും ഈ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഏത് അടിയന്തര സാഹചര്യത്തിലും പ്രവാസികൾക്ക് സഹായം ഉറപ്പാക്കാൻ എംബസികൾ കൃത്യമായ ഇടപെടലുകൾ നടത്തുന്നുണ്ട്.
എന്നാൽ, ഇത്രയും വലിയൊരു ആഗോള പ്രതിസന്ധിയുടെ സമയത്തും കോൺഗ്രസ് പാർട്ടി രാഷ്ട്രീയം കളിക്കുകയാണെന്ന് മോദി കുറ്റപ്പെടുത്തി. ബോധപൂർവം പ്രകോപനപരമായ പ്രസ്താവനകൾ നടത്തി സ്ഥിതിഗതികൾ വഷളാക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. പ്രവാസികളുടെ സുരക്ഷയേക്കാൾ ഉപരിയായി രാഷ്ട്രീയ നേട്ടങ്ങൾക്കാണ് കോൺഗ്രസ് മുൻഗണന നൽകുന്നതെന്നും അത്യന്തം നിർഭാഗ്യകരമായ രീതിയിലാണ് അവർ പെരുമാറുന്നതെന്നും അദ്ദേഹം ആരോപിച്ചു.
കോൺഗ്രസിന്റെ ഇപ്പോഴത്തെ പ്രധാന ലക്ഷ്യം തന്നെ വിമർശിക്കാനുള്ള അവസരങ്ങൾ കണ്ടെത്തുക എന്നതാണെന്ന് മോദി പറഞ്ഞു. പ്രവാസികൾ പ്രതിസന്ധിയിലാകുന്ന സാഹചര്യം സൃഷ്ടിച്ച്, അതുവഴി തനിക്കെതിരെ സോഷ്യൽ മീഡിയയിൽ ‘റീലുകൾ’ ഉണ്ടാക്കി പ്രചാരണം നടത്താനാണ് അവർ ശ്രമിക്കുന്നത്. ഉത്തരവാദിത്വമില്ലാത്ത ഇത്തരം നിലപാടുകൾ രാജ്യത്തിന്റെ താൽപ്പര്യങ്ങൾക്ക് വിരുദ്ധമാണെന്നും മോദിയെ അധിക്ഷേപിക്കാനുള്ള പ്രചാരണ തന്ത്രമാണിതെന്നും അദ്ദേഹം പറഞ്ഞു.
രാജ്യം ഒരു വലിയ ആഗോള പ്രതിസന്ധിയെ നേരിടുമ്പോൾ രാഷ്ട്രീയ ലാഭത്തിനായി ഇത്തരം നീക്കങ്ങൾ നടത്തുന്നത് ഖേദകരമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. പ്രതിസന്ധി ഘട്ടങ്ങളിൽ ഒത്തൊരുമയോടെ നിൽക്കുന്നതിന് പകരം പ്രകോപനപരമായ പ്രസ്താവനകളിലൂടെ സ്ഥിതി വഷളാക്കാൻ ശ്രമിക്കുന്ന കോൺഗ്രസ് നിലപാടിനെ അദ്ദേഹം ശക്തമായി എതിർത്തു. എന്ത് പ്രതിസന്ധിയുണ്ടായാലും പ്രവാസികളുടെ സുരക്ഷയ്ക്കാണ് തന്റെ സർക്കാർ എപ്പോഴും പ്രഥമ പരിഗണന നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.



