ടിയാൻജിൻ: എസ്.സി.ഒ ഉച്ചകോടിക്കിടെ പ്രധാനമന്ത്രിയുമായി ഉന്നത ചൈനീസ് നേതാവ് നടത്തിയ കൂടിക്കാഴ്ചയാണ് ഇപ്പോൾ ചൈനയിലെ രാഷ്ട്രീയവൃത്തങ്ങൾക്കിടെയിലെ ചർച്ചാവിഷയം. ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങിന്റെ വലംകൈ എന്നറിയപ്പെടുന്ന ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവായ തായ് ചീയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയത്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിക്കുള്ളിലെ ഏറ്റവും ബഹുമാനിക്കപ്പെടുന്ന നേതാക്കളിലൊരാളും വിദേശ നയതന്ത്രത്തിലെ പ്രമുഖനുമാണ് തായ് ചീ. എന്നാൽ മിക്ക രാഷ്ട്രീയ നേതൃത്വങ്ങൾക്കും അദ്ദേഹം അപ്രാപ്യനാണ്.
പുഞ്ചിരിക്കുന്ന മുഖത്തോടുകൂടി താ ചീയെ കാണുക എന്നത് അപൂർവമായ അവസരങ്ങളിലാണ്. പ്രസിഡന്റ് ഷീ ജിൻപിങ്ങിന്റെ നിർദ്ദേശപ്രകാരമാണ് തായ് ചീ മോദിയുമായി കൂടിക്കാഴ്ച നടത്തിയത്. ഇന്ത്യാ- ചൈന ബന്ധം മെച്ചപ്പെടുത്തുന്നതിനേപ്പറ്റിയാണ് ഇരുനേതാക്കളും ചർച്ചകൾ നടത്തിയത്. എന്നാൽ വെറുമൊരു ചർച്ചയാണെന്ന് പുറമേക്ക് തോന്നുമെങ്കിലു ചൈനയിൽ അതുയർത്തിയ അലയൊലികൾ വലുതാണ്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിക്കുള്ളിൽ നിരവധി ചുമതലകൾ വഹിക്കുന്ന നേതാവാണ് ഇദ്ദേഹം.
ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി സെക്രട്ടേറിയറ്റിലെ ഏറ്റവും മുതിർന്ന നേതാവാണ് തായ് ചീ. മാത്രമല്ല പോളീറ്റ് ബ്യൂറോ അംഗവുമാണ്. മാത്രമല്ല പാർട്ടിക്കുള്ളിൽ ഷീ ജിൻപിങ് കഴിഞ്ഞാൽ മറ്റ് നേതാക്കൾ ഏറെ ഭയപ്പെടുന്ന ആളാണെന്നുമാണ് പുറത്തുവരുന്ന വിവരങ്ങൾ. ഇരുനേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയിലും ചൈനീസ് ഭരണ- സൈനിക നേതൃത്വങ്ങൾക്കുമുള്ള ശക്തമായ സന്ദേശമായാണ് വിലയിരുത്തുന്നത്. ചൈനയ്ക്കുള്ളിലെ ഇന്ത്യാ വിരുദ്ധർക്കുള്ള മുന്നറിയിപ്പായാണ് കൂടിക്കാഴ്ചയെ നയതന്ത്ര വിദഗ്ദർ വിലയിരുത്തുന്നത്.
ഇന്ത്യാ- ചൈന ബന്ധം മെച്ചപ്പെടുത്താനും സാധാരണ നിലയിലേക്ക് കൊണ്ടുവരാനും ഉദ്ദേശിച്ചാണ് തായ് ചീയെ ഷി ജിൻപിങ് മോദിയുമായി കൂടിക്കാഴ്ചയ്ക്ക് അയച്ചതെന്നാണ് വിവരം. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകത ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് വ്യക്തമായി ബോധ്യപ്പെടുത്തുകയാണ് ഈ കൂടിക്കാഴ്ചയിലൂടെ ഷീ ജിൻപിങ് നടത്തിയത്. മാത്രല്ല എസ്.സി.ഒ ഉച്ചകോടിക്കെത്തിയ മറ്റൊരു രാഷ്ട്രത്തിന്റെ നേതാക്കളുമായും ഇദ്ദേഹം കൂടിക്കാഴ്ച നടത്തിയിട്ടുമില്ല.
കൂടിക്കാഴ്ചയ്ക്ക് ശേഷം പുഞ്ചിരിയോടെ മോദിക്ക് ഹസ്തദാനം ചെയ്യുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇന്ത്യാ- ചൈന ബന്ധത്തിൽ സ്ഥിരത കൊണ്ടുവരാനുള്ള ചൈനീസ് ശ്രമത്തിന്റെ ഭാഗമാണ് കൂടിക്കാഴ്ച. ബന്ധം മെച്ചപ്പെടുത്താൻ ആത്മാർഥമായി ശ്രമിക്കുന്നുവെന്ന് ഇന്ത്യയെ ബോധ്യപ്പെടുത്തുകയാണ് ചൈന ചെയ്യുന്നത്. എന്നാൽ ചൈന- പാകിസ്താൻ ബന്ധത്തിന്റെ പശ്ചാത്തലത്തിൽ ജാഗ്രതയോടെയാണ് ചർച്ചകളെ സമീപിക്കുന്നത്.