പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം ഭരണത്തലവനായിരിക്കുന്ന വ്യക്തിയെന്ന ചരിത്രനേട്ടം സ്വന്തമാക്കി. മുൻ സിക്കിം മുഖ്യമന്ത്രി പവൻ കുമാർ ചാംലിംഗിന്റെ റെക്കോർഡാണ് അദ്ദേഹം മറികടന്നത്. ഞായറാഴ്ച, 2026 മാർച്ച് 22 വരെയുള്ള കണക്കുകൾ പ്രകാരം 8,931 ദിവസങ്ങളാണ് മോദി ഭരണത്തലവനായി പൂർത്തിയാക്കിയത്.
ഗുജറാത്ത് മുഖ്യമന്ത്രിയായും ഇന്ത്യയുടെ പ്രധാനമന്ത്രിയായും സേവനമനുഷ്ഠിച്ച കാലയളവ് ഉൾപ്പെടെയാണ് ഈ സുപ്രധാന നേട്ടം അദ്ദേഹം കൈവരിച്ചത്. മുൻ സിക്കിം മുഖ്യമന്ത്രിയായ പവൻ കുമാർ ചാംലിംഗ് 8,930 ദിവസങ്ങളായിരുന്നു സംസ്ഥാനത്തിന്റെ ഭരണത്തലവനായിരുന്നത്. പതിറ്റാണ്ടുകൾ നീണ്ട നിരന്തരമായ പൊതുപ്രവർത്തനത്തിന്റെയും നേതൃപാടവത്തിന്റെയും പ്രതിഫലനമായിട്ടാണ് ഈ ദീർഘകാല സേവനം ഇന്ത്യൻ ചരിത്രത്തിൽ വിലയിരുത്തപ്പെടുന്നത്.
ഗുജറാത്തിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്ന വ്യക്തിയും നരേന്ദ്ര മോദിയാണ്. കൂടാതെ, മുഖ്യമന്ത്രിയായി ഏറ്റവും കൂടുതൽ മുൻപരിചയമുള്ള പ്രധാനമന്ത്രിയും അദ്ദേഹം തന്നെയാണ്. സ്വാതന്ത്ര്യത്തിന് ശേഷം ജനിച്ച ഇന്ത്യയിലെ ആദ്യത്തെ പ്രധാനമന്ത്രിയെന്ന പ്രത്യേകതയും അദ്ദേഹത്തിനുണ്ട്. 2014, 2019, 2024 എന്നീ വർഷങ്ങളിൽ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ തന്റെ പാർട്ടിയെ തുടർച്ചയായി വിജയത്തിലെത്തിച്ച് ഭരണത്തുടർച്ച ഉറപ്പാക്കാനും അദ്ദേഹത്തിന് കഴിഞ്ഞു.
ഭരണത്തലവനായി ഇരുപത്തിയഞ്ചാം വർഷത്തിലേക്ക് കടന്ന വേളയിൽ കഴിഞ്ഞ ഒക്ടോബറിൽ അദ്ദേഹം ജനങ്ങൾക്ക് പ്രത്യേക നന്ദി അറിയിച്ചിരുന്നു. 2001-ൽ ഗുജറാത്ത് മുഖ്യമന്ത്രിയായി അധികാരമേൽക്കുമ്പോൾ വളരെ വലിയ വെല്ലുവിളികളാണ് താൻ നേരിട്ടിരുന്നതെന്ന് അദ്ദേഹം ഓർത്തെടുത്തു. വിനാശകരമായ ഭൂകമ്പം, ചുഴലിക്കാറ്റ്, തുടർച്ചയായ വരൾച്ച, രാഷ്ട്രീയ അസ്ഥിരത എന്നിവ ഗുജറാത്ത് നേരിടുന്ന സമയത്തായിരുന്നു അദ്ദേഹത്തിന്റെ സ്ഥാനാരോഹണം. ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താനും രാജ്യത്തിന്റെ പുരോഗതിക്ക് സംഭാവന നൽകാനുമാണ് താൻ എപ്പോഴും ശ്രമിച്ചതെന്ന് ‘അദ്ദേഹം വ്യക്തമാക്കി’.
പാവപ്പെട്ടവർക്ക് വേണ്ടി എപ്പോഴും പ്രവർത്തിക്കണമെന്നും ഒരിക്കലും കൈക്കൂലി വാങ്ങരുതെന്നുമുള്ള അമ്മയുടെ ഉപദേശമാണ് തന്റെ പൊതുജീവിതത്തെ നയിക്കുന്ന പ്രധാന തത്വങ്ങളെന്ന് അദ്ദേഹം പങ്കുവെച്ചു. തന്റെ ഭരണകാലത്ത് ഗുജറാത്ത് വലിയ മാറ്റങ്ങൾക്ക് വിധേയമായെന്നും, വരൾച്ചാബാധിതമായിരുന്ന സംസ്ഥാനം കൃഷി, വ്യവസായം, അടിസ്ഥാന സൗകര്യ വികസനം എന്നിവയിൽ മികച്ച ഭരണത്തിന്റെ കേന്ദ്രമായി മാറിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 2013-ൽ പ്രധാനമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിക്കപ്പെട്ട സമയത്ത് രാജ്യത്ത് വലിയ ഭരണപ്രതിസന്ധിയും വിശ്വാസക്കുറവും നിലനിന്നിരുന്നതായും, പിന്നീട് 2014-ൽ ജനങ്ങൾ നൽകിയ ഉറച്ച പിന്തുണയാണ് മാറ്റങ്ങൾക്ക് കാരണമായതെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ പതിനൊന്ന് വർഷത്തിനിടെ 25 കോടിയിലധികം ആളുകളെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റാൻ കഴിഞ്ഞതായി അദ്ദേഹം വ്യക്തമാക്കി. ആഗോള സമ്പദ്വ്യവസ്ഥയിൽ ഇന്ത്യ തിളക്കമാർന്ന നേട്ടങ്ങൾ കൈവരിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. സ്ത്രീശക്തി, യുവശക്തി, കർഷകർ എന്നിവരുടെ ഉന്നമനത്തിനായി നിരവധി പദ്ധതികൾ നടപ്പിലാക്കി. രാജ്യത്തെ സേവിക്കുന്നത് ഏറ്റവും വലിയ ബഹുമതിയാണെന്നും, ഭരണഘടനാ മൂല്യങ്ങളിൽ അധിഷ്ഠിതമായ ഒരു ‘വികസിത് ഭാരത്’ കെട്ടിപ്പടുക്കാൻ താൻ പ്രതിജ്ഞാബദ്ധനാണെന്നും പ്രധാനമന്ത്രി ആവർത്തിച്ചു.



