എപ്സ്റ്റീൻ ഫയലുകളിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരും ഉൾപ്പെട്ടതിൽ വിവാദം ആയുധമാക്കി പ്രതിപക്ഷം. മോദി വിശദീകരിക്കണം എന്നാവശ്യം കടുപ്പിക്കും. വിദേശകാര്യമന്ത്രാലയത്തെ കൊണ്ട് എന്തിന് മറുപടി പറയിപ്പിച്ചെന്നാണ് കോൺഗ്രസിന്റെ ആരോപണം. 

യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട ഒരു ഇ മെയിലിലെ പരാമർശത്തിൽ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീൻ മോദിയുടെ പേര് പരാമർശിച്ചിട്ടുണ്ടെന്ന വിവരമാണ് പുറത്തുവന്നത്. 

മോദി തന്‍റെ ഉപദേശം സ്വീകരിച്ചെന്നാണ് ഈ മെയിലിൽ എപ്സ്റ്റീൻ പരാമർശിച്ചിട്ടുള്ളത്. തന്‍റെ നിർദ്ദേശപ്രകാരം മോദി ഇസ്രയേലിൽ പോയെന്നാണ് എപ്സ്റ്റീൻ വിവരിച്ചിരിക്കുന്നത്. അമേരിക്കൻ പ്രസിഡന്‍റിന് വേണ്ടിയാണ് അങ്ങനെ ചെയ്തതെന്നും അതുകൊണ്ട് ഗുണമുണ്ടായെന്നും പരാമർശമുണ്ട്. എന്നാൽ എന്ത് പ്രയോജനമെന്ന് മെയിലിൽ വ്യക്തമാക്കിയിട്ടില്ല.