ന്യൂഡൽഹി ∙ പശ്ചിമേഷ്യയിലെനിലവിലെ സാഹചര്യങ്ങളെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുമായി ചർച്ച നടത്തി. മേഖലയിലെ ആക്രമണങ്ങളെ പ്രധാനമന്ത്രി ശക്തമായി അപലപിച്ചു. ഇരുവരും തമ്മിൽ നടത്തിയ ഫോൺ സംഭാഷണത്തിൽ, പ്രധാനമന്ത്രി ബഹ്റൈൻ രാജാവിന് ഈദ് ആശംസകൾ നേർന്നു. ബഹ്‌റൈനിലെ ഇന്ത്യൻ സമൂഹത്തിന്റെ ക്ഷേമത്തിനായി നൽകുന്ന നിരന്തരമായ പിന്തുണയ്ക്ക് അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു.

‘‘ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുമായി ഫലപ്രദമായ ചർച്ച നടത്തി. അദ്ദേഹത്തിനും ബഹ്‌റൈനിലെ ജനങ്ങൾക്കും ഈദ് ആശംസകൾ നേർന്നു. പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യം ഞങ്ങൾ ചർച്ച ചെയ്തു. മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾക്കു നേരെയുള്ള ആക്രമണങ്ങളെ അപലപിച്ചു. ആഗോളതലത്തിൽ ഭക്ഷണം, ഇന്ധനം, വളം എന്നിവയുടെ സുരക്ഷയിൽ ഇവ ചെലുത്തുന്ന ദോഷകരമായ ആഘാതം ചർച്ചാവിഷയമായി’’– പ്രധാനമന്ത്രി എക്സിൽ കുറിച്ചു. കപ്പൽ ഗതാഗത പാതകൾ സുരക്ഷിതമായി നിലനിർത്തേണ്ടതിന്റെയും നാവിക സ്വാതന്ത്ര്യം ഉറപ്പാക്കേണ്ടതിന്റെയും പ്രാധാന്യം അദ്ദേഹം ആവർത്തിച്ചു.

ഫെബ്രുവരി 28ന് ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയും ഉന്നത സൈനിക ഉദ്യോഗസ്ഥരും കൊല്ലപ്പെട്ട യുഎസ്-ഇസ്രയേൽ ആക്രമണത്തിനു പിന്നാലെ പശ്ചിമേഷ്യയിൽ ഉടലെടുത്ത സംഘർഷങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ഇരുവരുടെയും ഫോൺ സംഭാഷണം. 

കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി മലേഷ്യ, ഒമാൻ, ഫ്രാൻസ്, കുവൈത്ത്, യുഎഇ, ഇസ്രയേൽ, ഇറാൻ, സൗദി അറേബ്യ, ഖത്തർ എന്നീ രാജ്യങ്ങളിലെ നേതാക്കളുമായും പ്രധാനമന്ത്രി മോദി സംസാരിച്ചിട്ടുണ്ട്. വ്യാഴാഴ്ച ജോർദാൻ രാജാവ് അബ്ദുല്ല രണ്ടാമനുമായും അദ്ദേഹം ചർച്ച നടത്തിയിരുന്നു.