ന്യൂഡൽഹി: സർക്കാർതലത്തിൽ അനാവശ്യ ചെലവുകൾ ഒഴിവാക്കുന്നതിന്റെ ഭാഗമായി സ്വന്തം സുരക്ഷാ വ്യൂഹത്തിലെ വാഹനങ്ങളുടെ എണ്ണം 50 ശതമാനമായി കുറയ്ക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദ്ദേശം. പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പിനോടാണ് ഈ ആവശ്യം ഉന്നയിച്ചത്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്ന ബ്ലൂ ബുക്കിലെ നിയമങ്ങളിൽ വിട്ടുവീഴ്ച ചെയ്യാതെ തന്നെ വാഹനങ്ങളുടെ എണ്ണം വെട്ടിക്കുറയ്ക്കാൻ എസ്പിജി നടപടികൾ ആരംഭിച്ചു.
പുതിയ വാഹനങ്ങൾ വാങ്ങി അധിക സാമ്പത്തിക ബാധ്യത വരുത്താതെ തന്നെ നിലവിലുള്ള വാഹനവ്യൂഹത്തിൽ ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കാനും പ്രധാനമന്ത്രി നിർദ്ദേശിച്ചു. ഞായറാഴ്ച ഹൈദരാബാദ് സന്ദർശന വേളയിൽ ഇന്ധന ഉപഭോഗവും സ്വർണ്ണ ഉപഭോഗവും കുറയ്ക്കാൻ അദ്ദേഹം ജനങ്ങളോട് ആഹ്വാനം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഔദ്യോഗിക തലത്തിൽ തന്നെ അദ്ദേഹം മാറ്റങ്ങൾക്ക് തുടക്കമിട്ടത്.
വരും ദിവസങ്ങളിൽ എല്ലാ സർക്കാർ വകുപ്പുകളിലും കർശനമായ ചെലവ് ചുരുക്കൽ നടപടികൾ ഉണ്ടായേക്കും. ഉദ്യോഗസ്ഥരോട് മെട്രോ ട്രെയിനുകളെ കൂടുതൽ ആശ്രയിക്കാനും, കാർപൂളിംഗ് നടത്താനും, ആഡംബര വിരുന്നുകൾ ഒഴിവാക്കാനും നിർദ്ദേശമുണ്ടാകാൻ സാധ്യതയുണ്ട്. ഇന്ധന ഉപഭോഗം കുറയ്ക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിമാരുടെ അനൗദ്യോഗിക യോഗത്തിലും ഈ വിഷയങ്ങൾ ചർച്ച ചെയ്തതായാണ് സൂചന



