കൊച്ചി: ”സൈബർ ലോകത്ത് പോരാട്ടം നിലയ്ക്കുന്നില്ല. എല്ലാം തികഞ്ഞ സൈബർ സുരക്ഷാസംവിധാനം എന്നൊന്നില്ല. സാങ്കേതികവിദ്യയിൽ അനുദിനം മുന്നേറ്റം നടക്കുന്നതാണിതിനു കാരണം. സാങ്കേതിക മികവു നേടി ജാഗ്രത തുടരുകയാണ് പോംവഴി” – ദേശീയ സൈബർ സുരക്ഷാ ഏജൻസി മുൻ കോഡിനേറ്റർ ലെഫ്റ്റനന്റ് ജനറൽ എം.യു. നായർ പറയുന്നു.
തിരുവനന്തപുരം നാലാഞ്ചിറ സ്വദേശിയായ മാധവൻ ഉണ്ണികൃഷ്ണൻ നായർ നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടേറിയറ്റ് മുൻ അംഗം, ആർമി വാർ കോളേജ് കമൻഡാന്റ്, കരസേന സിഗ്നൽ കോർ ചീഫ്, മിലിറ്ററി കോളേജ് ഓഫ് ടെലി കമ്മ്യൂണിക്കേഷൻ കമൻഡാന്റ് എന്നിവ ഉൾപ്പെടെയുള്ള പ്രധാന ചുമതലകൾ വഹിച്ചിട്ടുണ്ട്.
പരമവിശിഷ്ട സേവാ മെഡൽ, അതിവിശിഷ്ട സേവാ മെഡൽ, സേനാ മെഡൽ ഉൾപ്പെടെയുള്ള ബഹുമതികൾക്ക് അർഹനായി. സൈബർ സുരക്ഷ, സൈന്യം, നിർമിതബുദ്ധി തുടങ്ങിയ മേഖലകളിൽ വിദഗ്ധനായ നായർ 45 വർഷം സേനയിലും സൈബർ സെക്യൂരിറ്റിയിലുമായി സേവനമനുഷ്ഠിച്ച ശേഷം ഒരു മാസം മുൻപാണ് വിരമിച്ചത്.
”പഹൽഗാം ഭീകരാക്രമണത്തിനുശേഷം തിരിച്ചടിക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചതിനൊപ്പം സൈബർ രംഗത്ത് നമുക്കുനേരേ ആക്രമണങ്ങൾ നടന്നിരുന്നു. ഓപ്പറേഷൻ സിന്ദൂർ നടത്തിയതിനൊപ്പം സൈബർ മേഖലയും നാം സുരക്ഷിതമാക്കിയിരുന്നതിനാൽ എല്ലാം വിഫലമായി. സേനയും സേർടിൻ (കംപ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം), എൻസിഐഐപിസി (നാഷണൽ ക്രിട്ടിക്കൽ ഇൻഫർമേഷൻ ഇൻഫ്രാസ്ട്രക്ചർ പ്രൊട്ടക്ഷൻ സെന്റർ) എന്നിവയും ശ്രദ്ധിച്ചു. സൈബർ ആക്രമണത്തിന്റെ കാര്യത്തിൽ എവിടെനിന്നാണ് അതു നടത്തിയതെന്ന് അറിയാനാവില്ല എന്നതാണ് പ്രശ്നം. പാകിസ്താനോ ചൈനയോ തുർക്കിയോ ആകാം. അല്ലെങ്കിൽ ഇന്ത്യയിൽനിന്നുതന്നെയാകാം”-അദ്ദേഹം പറഞ്ഞു.
സാമ്പത്തികശക്തിയായി വളരുന്ന ഇന്ത്യയെ തകർക്കാൻ സൈബർ ആക്രമണമാണ് പറ്റിയതെന്ന് ശത്രുക്കൾ കരുതുന്നതിനാൽ ജാഗ്രത വേണം. ഇന്ന് ലോകത്തെ ഓൺലൈൻ ഇടപാടുകളിൽ പകുതിയും നടക്കുന്നത് ഇന്ത്യയിലാണ്. ബാങ്കുകളുടെ ശൃംഖലയിൽ പ്രശ്നമുണ്ടായാൽ പണമിടപാടുകൾ താറുമാറാകും.
ചില വെബ്സൈറ്റുകളിൽ നുഴഞ്ഞുകയറുകയോ പണം തട്ടിക്കുകയോ ചെയ്യുന്നതാണ് സൈബർ കുറ്റമെന്നാണ് സമൂഹത്തിലെ പൊതു ധാരണയെന്ന് എം.യു. നായർ പറയുന്നു. ഹൈവേയിൽ മാത്രമല്ല സൈബർ ഹൈവേയിലും നിയമങ്ങളുണ്ട്. കരുതൽ ഇല്ലെങ്കിൽ അപകടമുണ്ടാകും. മൊബൈൽ സൂക്ഷിച്ച് ഉപയോഗിക്കണം. ദിവസത്തിൽ ഒരിക്കലെങ്കിലും മൊബൈൽ ഓഫ് ചെയ്യുന്നത് നല്ലതാണെന്ന് അറിയുന്നവർ എത്ര പേരുണ്ട്? ആന്റി വൈറസ് പാക്കേജ് എത്ര ഫോണിലുണ്ട്? – എം.യു. നായർ ചോദിച്ചു.