എയര്‍ലൈന്‍സ് വിമാനം അടിയന്തരമായി തിരിച്ചിറക്കി. പ്യൂര്‍ട്ടോ റിക്കോയിലെ സാന്‍ ജുവാനില്‍ നിന്ന് യുഎസിലെ ഡാലസിലേക്ക് പുറപ്പെട്ട അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനമാണ് യാത്രക്കാരിയുടെ തെറ്റിദ്ധാരണമൂലം തിരിച്ചിറക്കിയത്. സഹയാത്രികന്റെ മൊബൈലില്‍ ‘ആര്‍ഐപി ‘എന്നെഴുതിയ സന്ദേശം കണ്ടതോടെ വിമാനത്തിന് ബോംബുഭീഷണിയുണ്ടെന്ന് അവര്‍ തെറ്റിദ്ധരിക്കുകയായിരുന്നു. ഇക്കാര്യം എയര്‍ലൈന്‍ ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെടുത്തിയതോടെ വിമാനം സാന്‍ ജുവാനിലേക്ക് അടിയന്തരമായി തിരിച്ചിറക്കുകയും ചെയ്തു. 

പരിശോധനകള്‍ക്ക് ശേഷം യഥാര്‍ഥ ഭീഷണിയല്ലെന്ന് കണ്ടെത്തിയതോടെ സര്‍വീസ് പുനരാരംഭിക്കുകയായിരുന്നു. 193 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനം പറന്നുയര്‍ന്ന് 30 നിമിഷങ്ങള്‍ക്കുള്ളിലായിരുന്നു ആശങ്ക പടര്‍ന്നത്. വിമാനം സുരക്ഷിതമായി നിലത്തിറങ്ങിയ ശേഷം, പ്യൂര്‍ട്ടോ റിക്കോയിലെ ഓഫീസ് ഓഫ് എക്‌സ്‌പ്ലോസീവ്‌സ് ആന്‍ഡ് പബ്ലിക് സേഫ്റ്റിയിലെ സുരക്ഷാ വിദഗ്ധര്‍ ‘ആര്‍.ഐ.പി.’ സന്ദേശം ലഭിച്ച യാത്രക്കാരനെ ചോദ്യം ചെയ്തു. 

തലേദിവസം ഒരു കുടുംബാംഗം മരിച്ചെന്നും, ലഭിച്ചത് അനുശോചന സന്ദേശമാണെന്നും യാത്രക്കാരന്‍ വിശദീകരിക്കുകയായിരുന്നു. ഡാലസില്‍ നടക്കുന്ന ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുക്കുന്നതിനായി അവധി റദ്ദാക്കി നേരത്തെ മടങ്ങുകയായിരുന്നു അദ്ദേഹം. അധികൃതര്‍ യാത്രക്കാരന്റെ ഫോണ്‍ പരിശോധിക്കുകയും ഭീഷണിയില്ലെന്ന് കണ്ടെത്തുകയും ചെയ്തതായി വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.