യൂറോപ്പിലേക്ക് മെച്ചപ്പെട്ട ജീവിതം തേടി കടൽ കടക്കാൻ ശ്രമിച്ച അഞ്ഞൂറിലധികം പേരെ ഈ വർഷം മാത്രം മെഡിറ്ററേനിയൻ കടലിൽ കാണാതായി. സുരക്ഷിതമല്ലാത്ത ബോട്ടുകളിൽ ലിബിയയിൽ നിന്നും ടുണീഷ്യയിൽ നിന്നും പുറപ്പെട്ടവരാണ് അപകടത്തിൽപ്പെട്ടത്. ദിവസങ്ങൾക്ക് മുൻപ് ലിബിയൻ തീരത്ത് ബോട്ട് തകർന്ന് രണ്ട് കുഞ്ഞുങ്ങളടക്കം അൻപതിലധികം പേർ മരിച്ച സംഭവം ലോകത്തെ നടുക്കിയിരുന്നു.
സ്വന്തം നാട്ടിലെ പട്ടിണിയും യുദ്ധവും ഭയന്നാണ് പലരും ഇത്തരം അപകടകരമായ യാത്രകൾക്ക് തയ്യാറാകുന്നത്. ലിബിയ പോലുള്ള രാജ്യങ്ങളിൽ എത്തുന്ന ഇവർ പലപ്പോഴും സായുധ സംഘങ്ങളുടെ ക്രൂരമായ പീഡനങ്ങൾക്കും തടവിനും ഇരയാകുന്നുണ്ട്. മർദ്ദനവും പട്ടിണിയും സഹിച്ച് നരകയാതന അനുഭവിച്ചവരാണ് ലക്ഷക്കണക്കിന് രൂപ നൽകി കടൽ കടക്കാൻ ശ്രമിക്കുന്നത്.
അഭയാർത്ഥികളുടെ വരവ് തടയാൻ യൂറോപ്യൻ രാജ്യങ്ങൾ നിയമങ്ങൾ കടുപ്പിക്കുന്നുണ്ടെങ്കിലും ഇതൊന്നും ഇവരെ പിന്തിരിപ്പിക്കുന്നില്ല. മരണം മുന്നിൽ കണ്ടുകൊണ്ടാണെങ്കിലും സമാധാനത്തോടെ ജീവിക്കാൻ കഴിയുന്ന ഒരിടത്തെത്തുകയാണ് ഇവരുടെ ഏക ലക്ഷ്യം. സ്വന്തം കുഞ്ഞുങ്ങളുടെ ഭാവിക്ക് വേണ്ടിയാണ് പല മാതാപിതാക്കളും ഈ കടുത്ത തീരുമാനമെടുക്കുന്നത്.



