മെഡിറ്ററേനിയൻ കടൽ കടന്ന് യൂറോപ്പിലേക്ക് പോകാൻ ശ്രമിക്കുന്നതിനിടെ നൂറുകണക്കിന് അഭയാർത്ഥികളെ കാണാതാകുന്നതായും അവരുടെ വിവരങ്ങൾ പുറത്തുവിടാതെ അധികൃതർ ഒളിച്ചുകളിക്കുന്നതായും റിപ്പോർട്ട്. കഴിഞ്ഞ ഏതാനും ആഴ്ചകൾക്കുള്ളിൽ മാത്രം കടലിൽ വെച്ച് ബോട്ട് തകർന്നും നിരവധി ആളുകളെ കാണാതായതായാണ് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകൾ സൂചിപ്പിക്കുന്നത്.
എന്നാൽ ഈ ദുരന്തങ്ങളെക്കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങൾ നൽകാൻ കോസ്റ്റ് ഗാർഡും പ്രാദേശിക അധികൃതരും തയ്യാറാകുന്നില്ല. മെഡിറ്ററേനിയൻ കടൽ കടന്ന് യൂറോപ്പിലേക്ക് പലായനം ചെയ്യാൻ ശ്രമിക്കുന്നവർക്ക് 2026-ന്റെ തുടക്കം ചരിത്രത്തിലെ ഏറ്റവും മാരകമായ വർഷമായി മാറുകയാണ്. ഐക്യരാഷ്ട്രസഭയുടെ ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷൻ പുറത്തുവിട്ട പുതിയ കണക്കുകൾ പ്രകാരം, മാർച്ച് 16 വരെയുള്ള വിവരങ്ങൾ വെച്ച് 682 പേരെയാണ് കടലിൽ കാണാതായത്. ഇത് ഒരു വർഷത്തിന്റെ ആദ്യ മാസങ്ങളിൽ രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന നിരക്കാണ്.
ലോകത്തിലെ ഏറ്റവും അപകടകരമായ കുടിയേറ്റ പാതയായ മെഡിറ്ററേനിയൻ കടലിൽ നടക്കുന്ന ബോട്ടപകടങ്ങളുടെയും മരണങ്ങളുടെയും വിവരങ്ങൾ ഇറ്റലി, ടുണീഷ്യ, മാൾട്ട എന്നീ രാജ്യങ്ങൾ ബോധപൂർവ്വം മറച്ചുവെക്കുന്നതായി മനുഷ്യാവകാശ സംഘടനകൾ പറയുന്നു. കടലിൽ കാണാതാകുന്നവരുടെ കൃത്യമായ കണക്കുകൾ ശേഖരിക്കാൻ കഴിയാത്തവിധം ഈ രാജ്യങ്ങൾ വിവരങ്ങൾ നിയന്ത്രിക്കുകയാണെന്ന് അന്താരാഷ്ട്ര നിരീക്ഷകർ ആരോപിക്കുന്നു.
കാണാതായവരുടെ എണ്ണം, അവരുടെ രാജ്യം, രക്ഷാപ്രവർത്തനത്തിന്റെ പുരോഗതി എന്നിവയെക്കുറിച്ചുള്ള ചോദ്യങ്ങളോട് മെഡിറ്ററേനിയൻ രാജ്യങ്ങളിലെ അതിർത്തി രക്ഷാസേനകൾ പ്രതികരിക്കുന്നില്ല. അപകടത്തിൽപ്പെട്ട ബോട്ടുകളിൽ നിന്നുള്ള അപായ സന്ദേശങ്ങൾ ലഭിച്ചിട്ടും അധികൃതർ ബോധപൂർവ്വം വൈകിയാണ് പ്രതികരിച്ചതെന്ന് സന്നദ്ധ സംഘടന ആരോപിക്കുന്നു. സിറിയ, ലിബിയ, അഫ്ഗാനിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരാണ് കാണാതായവരൽ ഭൂരിഭാഗവും. ഇതിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്നു.



