ഈ വർഷം ജനുവരി മുതൽ സിറിയയിൽ നിന്നും ഏകദേശം നൂറുപേർ തിരോധാനം ചെയ്തതായി ഐക്യരാഷ്ട്ര സഭ അറിയിച്ചു. ഇപ്പോഴും ഇത്തരം തിരോധാനങ്ങൾ തുടരുന്നതായി റിപ്പോർട്ടുകളുണ്ടെന്ന് യുഎൻ മനുഷ്യാവകാശ ഓഫീസ് വെള്ളിയാഴ്ച അറിയിച്ചു.

“സിറിയയിലെ മുൻ ഗവൺമെന്റിന്റെ പതനത്തിനു ശേഷം 11 മാസങ്ങൾ പിന്നിട്ടിട്ടും നിരവധി തട്ടിക്കൊണ്ടു പോകലുകളെയും നിർബന്ധിത തിരോധാനങ്ങളെയും കുറിച്ചുള്ള ആശങ്കാജനകമായ റിപ്പോർട്ടുകൾ ഞങ്ങൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്നു” – ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഹൈക്കമ്മീഷണർ (OHCHR) ഓഫീസിന്റെ വക്താവ് തമീൻ അൽ-കീതൻ ജനീവയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.”ജനുവരി മുതൽ നൂറിനടുത്ത് സംഭവങ്ങൾ നടന്നതായി രേഖപ്പെടുത്തിയിട്ടുണ്ടെന്നും എന്നാൽ കൃത്യമായ കണക്ക് കണ്ടെത്തുന്നത് ബുദ്ധിമുട്ടാണെന്നും” അദ്ദേഹം കൂട്ടിച്ചേർത്തു.

പുറത്താക്കപ്പെട്ട പ്രസിഡന്റ് ബഷാർ അൽ-അസദിന്റെ കാലത്ത് കാണാതായ ഒരുലക്ഷത്തിലധികം പേർക്കു പുറമേയാണ് ഏറ്റവും പുതിയ സംഖ്യ എന്നും അൽ-കീതൻ പറഞ്ഞു. അസദിന്റെ പതനത്തിനു ശേഷം ചില കുടുംബങ്ങൾ തങ്ങളുടെ പ്രിയപ്പെട്ടവരുമായി വീണ്ടും ഒന്നിച്ചിട്ടുണ്ടെങ്കിലും പലർക്കും ഇപ്പോഴും തങ്ങളുടെ പ്രിയപ്പെട്ടവരെക്കുറിച്ച് വ്യക്തമായ വിവരങ്ങളൊന്നുമില്ല.