തന്ത്രപ്രധാന മിസൈല്‍ പരീക്ഷണത്തിന് ഒരുങ്ങി ഇന്ത്യ. ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്ത്യ ഇതുമായി ബന്ധപ്പെട്ട് നോട്ടാം ( Notice to Airmen -NOTAM) മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. മുന്നറിയിപ്പ് പ്രകാരം ഒക്ടോബര്‍ 15-നും 17-നും ഇടയില്‍ ഇന്ത്യ പരീക്ഷിക്കാന്‍ പോകുന്ന മിസൈലിന്റെ ദൂരപരിധി 3500 കിലോമീറ്ററോളം ആകാരം. 

നോട്ടാം മുന്നറിയിപ്പ് പ്രകാരം ഇന്ത്യ അഗ്‌നി-5 മിസൈലിന്റെ പ്രഹരപരിധി കൂടിയ പരിഷ്‌കരിച്ച പതിപ്പോ അല്ലെങ്കില്‍ അഗ്‌നി-6 എന്ന പുതിയ മിസൈലിന്റെ പരീക്ഷണമോ ആകാമെന്നാണ് പ്രതിരോധ വൃത്തങ്ങള്‍ വിലയിരുത്തുന്നത്.

അതേസമയം ഇന്ത്യയുടെ മിസൈല്‍ പരീക്ഷണം നിരീക്ഷിക്കാന്‍ ചൈനയും യുഎസും ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ തമ്പടിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇരു രാജ്യങ്ങളും ഈ മിസൈല്‍ പരീക്ഷണത്തെ ശ്രദ്ധിക്കാന്‍ കാരണം നോട്ടാം മുന്നറിയിപ്പ് മൂന്ന് തവണ പരിഷ്‌കരിച്ചു എന്നതാണ്. ഒക്ടോബര്‍ ആറിന് ആദ്യമിറക്കിയ മുന്നറിയിപ്പില്‍ അപകട മേഖലയായി നിശ്ചയിച്ചിരുന്നത് 1480 കിലോ മീറ്റര്‍ ആയിരുന്നു.  തൊട്ടടുത്ത ദിവസം ഈ മുന്നറിയിപ്പ് പുതുക്കി. അതില്‍ ദൂരപരിധി 2520 കിലോ മീറ്ററായി വര്‍ധിച്ചു. പിന്നാലെ ഇതുവീണ്ടും പുതുക്കി ദൂരപരിധി 3550 കിലോ മീറ്ററാക്കി വര്‍ധിപ്പിച്ചു. ഈ നീക്കമാണ് യുഎസിനെയും ചൈനയെയും മിസൈല്‍ പരീക്ഷണത്തെ ശ്രദ്ധിക്കാന്‍ ഇടയാക്കിയത്.

ഇന്ത്യ പരീക്ഷിക്കാന്‍ പോകുന്നത് ഒരു ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ ആകാമെന്നാണ് പ്രതിരോധ വിദഗ്ധര്‍ കരുതുന്നത്. എന്നാല്‍, എന്ത് മിസൈലാണ് പരീക്ഷിക്കുന്നതെന്ന് പ്രതിരോധ മന്ത്രാലയം പറഞ്ഞിട്ടില്ല. നിലവില്‍ ഇന്ത്യയുടെ പക്കലുള്ള വെളിപ്പെടുത്തിയതില്‍ ഏറ്റവും ദൂരപരിധിയുള്ള ബാലിസ്റ്റിക് മിസൈല്‍ എന്നത് അഗ്‌നി-5 ആണ്. 5000 കിലോമീറ്ററാണ് ഇതിന്റെ പ്രഹരപരിധിയെന്നാണ് അവകാശപ്പെടുന്നതെങ്കിലും അതിലുമധികം പ്രഹരപരിധിയുണ്ടെന്നാണ് ചൈനയും പാകിസ്ഥാനും ആരോപിക്കുന്നത്.