മിഷിഗൺ: അമേരിക്കൻ ഐക്യനാടുകളിലെ നോർത്ത് ഈസ്റ്റ് സംസ്ഥാനമായ മിഷിഗണിലെ മലയാളികളുടെ ഇടയിൽ പ്രവർത്തിക്കുന്ന സാംസ്കാരിക സംഘടനയായ മിഷിഗൺ മലയാളി അസോസിയേഷൻ ഓണാഘോഷം സംഘടിപ്പിച്ചു.
ചെറിയ കൂട്ടായ്മയായി പ്രവർത്തിച്ചിരുന്ന മിഷിഗൺ മലയാളി അസോസിയേഷൻ (എംഎംഎ) വയനാട് ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുവാൻ വേണ്ടിയാണ് ഓണാഘോഷം വിപുലമായി നടത്താൻ തീരുമാനിച്ചതെന്ന് അധ്യക്ഷ പ്രസംഗത്തിൽ മാത്യു ഉമ്മൻ പറഞ്ഞു.
പരിപാടിയുടെ മുഖ്യാതിഥിയായി എത്തിയത് കാനഡയിലെ ഒന്റാരിയോ പ്രൊവിൻസിലെ വിൻസറിലെ മലയാളികളുടെ ഇടയിൽ പ്രവർത്തിക്കുന്ന വിൻസർ മലയാളി അസ്സോസിയേഷന്റെ പ്രസിഡന്റ് ജസ്റ്റിൻ മാത്യുവാണ്.
കുട്ടിക്കാലത്തെ ഓർമകളിലേക്ക് ഊളിയിട്ട അദ്ദേഹം, വളരെ ചെറിയ പ്രായത്തിൽ അമേരിക്കൻ ഐക്യനാടുകളിലേക്ക് കടിയേറിയതിന്റെ അനുഭവങ്ങളും പങ്കുവച്ചു.
മിഷിഗണിലെ മലയാളി സമൂഹം ഒറ്റക്കെട്ടായി പ്രവർത്തിക്കുക എന്നതിനാണ് മൻഗണന എന്ന് മിഷിഗണിലെ ആദ്യത്തെ മലയാളി സാംസ്കാരിക സംഘടനയായ ദ കേരള ക്ലബ് ഓഫ് ഡിട്രോയിറ്റ് വൈസ് പ്രസിഡന്റ് ജോളി ഡാനിയേൽ പറഞ്ഞു.
സെപ്റ്റംബർ ഏഴിന് നടക്കുന്ന ദ കേരള ക്ലബ് ഓഫ് ഡിട്രോയിറ്റിന്റെ ഓണാഘോഷ പരിപാടിയിലേക്ക് എംഎംഎയുടെ എല്ലാ അംഗങ്ങളേയും ക്ഷണിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു.
ഫൊക്കാനയ്ക്കു വേണ്ടി തോമസ് വർഗീസും(ജിമ്മി) ഫോമയ്ക്ക് വേണ്ടി ദേശീയ സമിതി അംഗം ബിനോയ് ഏലിയാസും ആശംസകൾ അറിയിച്ചു. ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയ്ക്ക് വേണ്ടി ഫോമയുടെ മുൻ ജോയിന്റ് ട്രഷറാർ കൂടിയായ ജെയിൻ കണ്ണച്ചാൻപറമ്പിൽ ആശംസകൾ നേർന്നു.
പരിപാടിയിൽ പങ്കെടുത്തവർക്കും വിശിഷ്ടാതിഥികൾക്കും ഫോമ മുൻ ജോയിന്റ് സെക്രട്ടറിയായ വിനോദ് കൊണ്ടൂർ സ്വാഗതവും എംഎംഎ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ജെയിസ് കണ്ണച്ചാൻപറമ്പിൽ നന്ദിയും രേഖപ്പെടുത്തി.
പരിപാടിലെ ഏറ്റവും വലിയ ആകർഷണം സതീഷ് മണ്ഡപത്തും ജ്യോതി സതീഷും നടത്തിയ ഗാനസന്ധ്യയും സൗത്ത്ഫീൽഡിലുള്ള ഗാർഡൻ ഫ്രഷ് കഫേ ഒരുക്കിയ ഓണസദ്യയുമായിരുന്നു.
ബിജോയിസ് കാവണാന്റെ നേതൃത്വത്തിലുള്ള കലവറ ടീം പരിപാടിയിൽ പങ്കെടുത്തവർക്കെല്ലാം സദ്യ വിളമ്പി നൽകി. മോടൗൺ മേളം ഒരുക്കിയ ചെണ്ടമേളവും മറ്റ് കലാപരിപാടികളും പരിപാടിക്ക് മാറ്റ് കൂട്ടി.
ഇനിയും കൂടുതൽ ജനോപകാര പരിപാടികളുമായി മിഷിഗണിലെ ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുമെന്ന് സംഘാടകർ അറിയിച്ചു.



