ഇന്ത്യ സന്ദർശിക്കാനെത്തിയ ഓസ്‌ട്രേലിയൻ വിനോദ സഞ്ചാരിക്ക് തെരുവിൽ വെച്ചുണ്ടായ ദുരനുഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വലിയ പ്രതിഷേധത്തിന് കാരണമായി. യുവാവായ ഒരാൾ വിനോദ സഞ്ചാരിയുടെ കൈകളിൽ ബലമായി പിടിക്കുകയും, തുടർച്ചയായി ചുംബിക്കാൻ ആവശ്യപ്പെടുകയും വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വലിയ പ്രതിഷേധത്തിന് ഇടയാക്കുന്നത്. ‘മാർക്കോ റോംസ്’ (Marco Roams) എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

‘എന്നെ ചുംബിക്കൂ’

ഓസ്‌ട്രേലിയൻ സ്വദേശി കൊൽക്കത്തയിലെ ഒരു തെരുവിലൂടെ നടന്ന് പോകുമ്പോൾ, റിക്ഷയിലിരുന്ന ഒരു യുവാവ് “എന്നെ ഇവിടെ ചുംബിക്കൂ, ചുംബിക്കൂ” എന്ന് തന്‍റെ കവിളിൽ തൊട്ട് ആവർത്തിച്ച് ആവശ്യപ്പെടുകയുമായിരുന്നു. യുവാവിന്‍റെ പെരുമാറ്റത്തിൽ അസ്വസ്ഥനായ വിനോദ സഞ്ചാരി, സാഹചര്യം ശാന്തമായി കൈകാര്യം ചെയ്യാൻ ശ്രമിക്കുന്നത് വീഡിയോയിൽ കാണാം. “നിന്നെ ചുംബിക്കാനോ? ക്ഷമിക്കണം, ഞാൻ ഒരു സ്ട്രെയിറ്റ് (Straight) വ്യക്തിയാണ്,” എന്ന് അദ്ദേഹം പറയുന്നു. എന്നാൽ, ഇതുകേട്ടിട്ടും പിന്മാറാൻ തയ്യാറാകാത്ത യുവാവ് നിർബന്ധം തുടരുകയും, അവിടെ നിന്ന് നടന്ന് പോകാൻ ശ്രമിച്ച വിനോദ സഞ്ചാരിയുടെ കൈകളിൽ ബലമായി പിടിച്ചുവെക്കുകയും ചെയ്തു. ഈ സംഭവത്തിന് ശേഷം അവിടെ നിന്ന് മാറിയ വിനോദ സഞ്ചാരി, “കഷ്ടം തന്നെ! എന്നേക്കാൾ പ്രായം കുറഞ്ഞവരിൽ നിന്ന് പോലും എനിക്ക് പീഡനം നേരിടേണ്ടി വരുന്നു,” എന്ന് പറയുന്നതും വീഡിയോയിൽ കേൾക്കാം. “എന്തുകൊണ്ടാണ് ഇന്ത്യൻ യുവാക്കൾക്ക് എപ്പോഴും ചുംബനം വേണ്ടത്?” എന്നൊരു വാചകവും ഈ വീഡിയോയ്ക്ക് മുകളിൽ ചേർത്തിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി ശ്രദ്ധ നേടിയ ഈ വീഡിയോയ്ക്ക് താഴെ ആയിരക്കണക്കിന് ആളുകളാണ് ഇന്ത്യൻ യുവാവിന്‍റെ പെരുമാറ്റത്തെ വിമർശിച്ചും വിനോദ സഞ്ചാരിക്ക് പിന്തുണ നൽകിയും രംഗത്തെത്തിയത്.