ലൈംഗിക കുറ്റവാളിയും വ്യവസായിയുമായ ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട പുതിയ രേഖകളിൽ ന്യൂയോർക്ക് സിറ്റി മേയർ സൊഹ്‌റാൻ മംദാനിയുടെ അമ്മയും ചലച്ചിത്രകാരിയുമായ മീരാ നായരെക്കുറിച്ചും പരാമർശങ്ങൾ. 2009ൽ മീരാ നായർ സംവിധാനം ചെയ്ത ‘അമീലിയ’ എന്ന ചിത്രത്തിന്റെ ആഫ്റ്റർ പാർട്ടി എപ്സ്റ്റീന്റെ കൂട്ടാളിയും സെക്സ് ട്രാഫിക്കറുമായ ജിസ്‌ലെയ്ൻ മാക്സ്‍വെല്ലിന്റെ വീട്ടിലാണ് നടന്നതെന്നും ഈ പരിപാടിയിൽ സംവിധായിക പങ്കെടുത്തു എന്നുമാണ് രേഖകളിൽ പറയുന്നത്.
വെള്ളിയാഴ്ചയാണ് മൂന്ന് ദശലക്ഷത്തിലധികം പേജുകൾ, 2,000ൽ അധികം വീഡിയോകൾ, 1,80,000 ചിത്രങ്ങൾ എന്നിവ ഉൾപ്പെടുന്ന പുതിയ രേഖകൾ യുഎസ് നീതി ന്യായ വകുപ്പ് പുറത്തുവിട്ടത്. ഇതിൽ, 2009 ഒക്ടോബർ 21ന് പബ്ലിസിസ്റ്റ് പെഗ്ഗി സീഗൽ എപ്സ്റ്റീനിന് അയച്ച ഒരു ഇമെയിലിൽ, മീരാ നായരും മറ്റ് നിരവധി പ്രമുഖരും പങ്കെടുത്ത ആഫ്റ്റർ പാർട്ടിയെക്കുറിച്ചുള്ള വിശദാംശങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
പാർട്ടി കഴിഞ്ഞ ഉടൻ അയച്ച ഈ ഇമെയിലിൽ മുൻ യുഎസ് പ്രസിഡന്റ് ബിൽ ക്ലിന്റണും ആമസോൺ സിഇഒ ജെഫ് ബെസോസും പരിപാടിയിൽ പങ്കെടുത്തതായി പറയുന്നുണ്ട്. “ജിസ്‌ലെയ്‌ന്റെ ടൗൺഹൗസിൽ നിന്ന് ഇപ്പോൾ മാത്രമാണ് പുറത്തുവന്നത്… സിനിമയുടെ ആഫ്റ്റർ പാർട്ടിയായിരുന്നു. ബിൽ ക്ലിന്റൺ, ജെഫ് ബെസോസ് എന്നിവരും അവിടെ ഉണ്ടായിരുന്നു… ഷോൺ പിഗോട്ട്, സംവിധായിക മീരാ നായർ തുടങ്ങിയവരും,” എന്നാണ് ഇമെയിലിൽ പറയുന്നത്. മീരാ നായരുടെ സിനിമയോട് അതിഥികൾ കാണിച്ച പ്രതികരണം “തണുപ്പൻ” ആയിരുന്നുവെന്നും പെഗ്ഗി കൂട്ടിച്ചേർക്കുന്നു.
ഇതിനുപുറമേ, എപ്സ്റ്റീനും നിരവധി ഉന്നത വ്യക്തികളും തമ്മിലുള്ള ഇമെയിൽ വിവരങ്ങളും നീതി ന്യായ വകുപ്പ് പുറത്തുവിട്ടിട്ടുണ്ട്. ലാറി സമ്മേഴ്സ്, ബിൽ റിച്ചാർഡ്സൺ, പ്രിൻസ് ആൻഡ്രൂ, സാറാ ഫെർഗൂസൺ, മൈക്കൽ ജാക്സൺ, മിക്ക് ജാഗർ, കെവിൻ സ്പേസി, ഡയാന റോസ്, ക്രിസ് ടക്കർ എന്നിവരുടെ പേരുകൾ പുതിയ രേഖകളിൽ ഉൾപ്പെടുന്നു. മുൻപ് പുറത്തുവിട്ട രേഖകളിൽ വുഡി അലൻ, റിച്ചാർഡ് ബ്രാൻസൺ, നോം ചോംസ്കി, സ്റ്റീഫൻ ഹോക്കിങ് എന്നിവരുടെ പേരുകളും പരാമർശിക്കപ്പെട്ടിരുന്നു.



