ശബരിമലയിൽ മോഹൻലാൽ മമ്മൂട്ടിക്കുവേണ്ടി നടത്തിയ വഴിപാടിനെക്കുറിച്ച് വർഗീയ പരാമർശം നടത്തുന്ന പ്രസ്ഥാവനകളിൽ പ്രതികരിച്ച് കേരള ന്യൂനപക്ഷ ക്ഷേമ മന്ത്രി വി അബ്ദുറഹ്മാൻ. ഇത്തരം ഇടുങ്ങിയ ചിന്താഗതിക്കാർ ജനങ്ങളോട് മാപ്പ് പറയണമെന്നാണ് മന്ത്രി വ്യക്തമാക്കുന്നത്.
മോഹൻലാലിന്റെ വഴിപാടിനെക്കുറിച്ച് ഇടുങ്ങിയ ചിന്താഗതിക്കാരും അപരിഷ്കൃതരുമായ പ്രസ്താവനകൾ നടത്തിയവർ പൊതുജനങ്ങളോട് മാപ്പ് പറയണമെന്ന് അബ്ദുറഹ്മാൻ ആവശ്യപ്പെട്ടു. കേരളം ഉയർത്തിപ്പിടിക്കുന്ന മതേതരത്വത്തിന്റെ സത്ത മനസ്സിലാക്കാതെ ഉത്തരവാദിത്തമില്ലാതെ ഇത്തരം പരാമർശങ്ങൾ നടത്തുന്നവർ സംസ്ഥാനത്തിന് അപമാനമാണെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
“ഇത്തരം അപകടകരമായ നിലപാടുകളെ തള്ളിക്കളയാൻ മതപണ്ഡിതർ മുന്നോട്ട് വരണം. പൊതുജനങ്ങൾക്ക് മുന്നിൽ ഒരു പ്രത്യേക മതത്തെ അപകീർത്തിപ്പെടുത്താൻ ഉദ്ദേശിച്ചുള്ളതാണ് ഈ പ്രസ്താവനകൾ. ഇത്തരം വിവാദങ്ങൾ കേരള സമൂഹത്തിൽ വർഗീയ ധ്രുവീകരണത്തിന്റെ രഹസ്യ അജണ്ട ശക്തിപ്പെടുത്താൻ മാത്രമേ സഹായിക്കൂ,” അദ്ദേഹം പറഞ്ഞു.



