കീം റാങ്ക് പട്ടികയുമായി ബന്ധപ്പെട്ട വിവാദത്തിൽ സംസ്ഥാന സർക്കാർ എല്ലാ വിദ്യാർഥികൾക്കും നീതി ഉറപ്പാക്കാനാണ് ശ്രമിച്ചതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു. കഴിഞ്ഞവർഷം കേരള സിലബസിൽ പഠിച്ച വിദ്യാർഥികൾക്ക് 35 മാർക്കിന്റെ കുറവുണ്ടായത് അനീതിയാണെന്നും, ഇത് മറികടക്കാൻ ശാസ്ത്രീയമായ രീതിയാണ് അവലംബിച്ചതെന്നും മന്ത്രി വിശദീകരിച്ചു.

‘കുട്ടികൾക്ക് നീതി ഉറപ്പാക്കാനാണ് മന്ത്രിസഭ അത്തരമൊരു തീരുമാനമെടുത്തത്. നിങ്ങളോട് എല്ലാം വിശദീകരിക്കേണ്ട ബാധ്യതയില്ല. നിങ്ങൾ വലിയ സിഐഡികളാണല്ലോ. എല്ലാ വിദ്യാർഥികൾക്കും നീതി ലഭിക്കണമെന്ന നിലപാടാണ് ഇപ്പോഴും സർക്കാരിനുള്ളത്’, മന്ത്രി മാധ്യമപ്രവർത്തകരോട് ക്ഷുഭിതയായി പറഞ്ഞു.

കൂടുതൽ ചോദ്യങ്ങളോട് പ്രതികരിക്കാൻ മന്ത്രി തയ്യാറായില്ല. ആവശ്യത്തിന് എല്ലാം പറഞ്ഞെന്ന് പറഞ്ഞ് പോകാൻ ശ്രമിച്ച മന്ത്രിയോട് കോടതി വിധിയുമായി ബന്ധപ്പെട്ട് കൂടുതൽ ചോദ്യങ്ങൾ ചോദിച്ചപ്പോൾ ‘വലിയ കോടതിയാകേണ്ട’ എന്നായിരുന്നു ബിന്ദുവിന്റെ രോഷാകുലമായ മറുപടി.