സേവിങ്‌സ് അക്കൗണ്ടുകളിൽ മിനിമം ബാലൻസ് സൂക്ഷിക്കാത്തതിനായി രാജ്യത്തെ പൊതുമേഖലാ ബാങ്കുകൾ വൻതുക പിഴയായി ഈടാക്കുന്നതായി കണക്കുകൾ. 2022-23 മുതൽ 2024-25 വരെയുള്ള മൂന്ന് സാമ്പത്തിക വർഷങ്ങളിൽ 8092.83 കോടി രൂപയാണ് ഈ ഇനത്തിൽ മാത്രം ബാങ്കുകൾ അക്കൗണ്ട് ഉടമകളിൽ നിന്ന് സമാഹരിച്ചത്.

എന്നാൽ ഈ പിഴത്തുകകൾ മൊത്തമായി എഴുതിത്തള്ളാൻ ബാങ്കുകൾക്ക് കേന്ദ്ര സർക്കാർ നിർദേശം നൽകിയിട്ടില്ലെന്ന് ധനമന്ത്രി നിർമല സീതാരാമൻ ലോക്‌സഭയിൽ അറിയിച്ചു. പിഴ ഈടാക്കുന്നതുമായി ബന്ധപ്പെട്ട് പൊതുവായ നിർദ്ദേശങ്ങൾ സർക്കാർ നൽകിയിട്ടില്ലെങ്കിലും നിരവധി ബാങ്കുകൾ സ്വമേധയാ ഈ ചാർജുകൾ ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്തിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

വരുമാനത്തിന്റെ 0.23 ശതമാനം മാത്രം

കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ ഈടാക്കിയ 8092.83 കോടി രൂപ പൊതുമേഖലാ ബാങ്കുകളുടെ ആകെ വരുമാനത്തിന്റെ വെറും 0.23 ശതമാനം മാത്രമാണെന്ന് ധനമന്ത്രാലയം അറിയിച്ചു. ബാങ്കിംഗ് സേവനങ്ങൾ നൽകുന്നതിനുള്ള ചെലവ് നികത്തുന്നതിനാണ് ഈ തുക വിനിയോഗിക്കുന്നത്. പിഴ ഈടാക്കി ലാഭം നേടുക എന്നതല്ല ബാങ്കുകളുടെ ലക്ഷ്യമെന്നും സർക്കാർ വിശദീകരിച്ചു.

72 കോടി അക്കൗണ്ടുകൾക്ക് പിഴയില്ല

രാജ്യത്തെ വലിയൊരു വിഭാഗം അക്കൗണ്ടുകൾ മിനിമം ബാലൻസ് നിബന്ധനയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പ്രധാനമന്ത്രി ജൻ ധൻ യോജന അക്കൗണ്ടുകൾ, ബേസിക് സേവിങ്‌സ് ബാങ്ക് ഡിപ്പോസിറ്റ് അക്കൗണ്ടുകൾ എന്നിവ ഉൾപ്പെടെ ഏകദേശം 72 കോടി അക്കൗണ്ടുകൾക്ക് മിനിമം ബാലൻസ് സൂക്ഷിക്കാത്തതിന് പിഴ നൽകേണ്ടതില്ല.

ബാങ്കുകളുടെ നിലപാട്

ഉപഭോക്തൃ സൗഹൃദ നടപടികളുടെ ഭാഗമായി പല പ്രമുഖ ബാങ്കുകളും ഇതിനകം മിനിമം ബാലൻസ് പിഴ ഒഴിവാക്കിയിട്ടുണ്ട്. 2020 മാർച്ചിൽ തന്നെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സേവിങ്‌സ് അക്കൗണ്ടുകളിലെ മിനിമം ബാലൻസ് പിഴ പൂർണ്ണമായി ഒഴിവാക്കിയിരുന്നു. 2025-ൽ ഒമ്പത് പൊതുമേഖലാ ബാങ്കുകൾ കൂടി ഈ ചാർജ് റദ്ദാക്കി. ശേഷിക്കുന്ന രണ്ട് ബാങ്കുകൾ ചാർജുകൾ യുക്തിസഹമായി കുറച്ചിട്ടുണ്ടെന്നും ധനമന്ത്രി വ്യക്തമാക്കി.

പിഴയ്ക്ക് മുമ്പ് മുന്നറിയിപ്പ് നിർബന്ധം

അക്കൗണ്ടിലെ തുക മിനിമം ബാലൻസിനേക്കാൾ കുറയുമ്പോൾ അക്കൗണ്ട് ഉടമയ്ക്ക് മുൻകൂട്ടി മുന്നറിയിപ്പ് നൽകണമെന്ന് റിസർവ് ബാങ്ക് നിർദ്ദേശമുണ്ട്. എസ്എംഎസ്, ഇമെയിൽ അല്ലെങ്കിൽ കത്തുകൾ വഴി ഉപഭോക്താവിനെ വിവരം അറിയിക്കണം. ബാലൻസ് പുനഃസ്ഥാപിക്കാൻ ആവശ്യമായ സമയം അനുവദിച്ചതിനുശേഷം മാത്രമേ പിഴ ഈടാക്കാവൂ എന്നും ധനമന്ത്രാലയം വ്യക്തമാക്കി.