മൈഗ്രേൻ തലവേദന പലരെയും അലട്ടുന്ന ഒരു നാഡീവ്യൂഹസംബന്ധമായ പ്രശ്നമാണ്. തലവേദനയ്ക്ക് പുറമേ പല ലക്ഷണങ്ങളും മൈഗ്രേൻ ഉള്ളവരില്‍ ഉണ്ടാകാം. കഴുത്തുവേദന, മനംമറിച്ചില്‍, ഛര്‍ദ്ദി, ശരീരവേദന, ഉറക്കം കിട്ടാതെ വരാം, തലക്കറക്കം, മാനസിക സമ്മര്‍ദ്ദം, വെളിച്ചത്തോടും ശബ്ദത്തോടുമുള്ള സംവേദനത്വം എന്നിവയെല്ലാം മൈഗ്രേനിന്‍റെ പ്രധാന ലക്ഷണങ്ങള്‍ ആണ്.  

തീക്ഷ്ണമായ വെളിച്ചം, വലിയ ശബ്ദങ്ങള്‍, വെയില്‍ കൊള്ളുന്നത്, ചൂട്, നിര്‍ജലീകരണം, കഫൈന്‍, ചോക്ലേറ്റ്, അച്ചാര്‍, സംസ്കരിച്ച മാംസം, ചീസ് പോലുള്ള ചില ഭക്ഷണവിഭവങ്ങള്‍ എന്നിങ്ങനെ മൈഗ്രേൻ ട്രിഗറായി പ്രവര്‍ത്തിക്കുന്ന നിരവധി ഘടകങ്ങളുണ്ട്.  


 മൈഗ്രേൻ തലവേദന മാറ്റാന്‍ വീട്ടില്‍ ചെയ്യേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 

1. ഇഞ്ചി

ഇഞ്ചി തലവേദനയ്ക്ക് ആശ്വാസം നല്‍കുന്ന ഒരു ഒറ്റമൂലിയാണ്. അതിനാല്‍ മൈഗ്രേൻ അനുഭവപ്പെടുമ്പോള്‍ ഇഞ്ചി ചായ കുടിക്കുന്നത് ഗുണം ചെയ്യും. 

2. ലാവണ്ടർ ഓയില്‍ 

ലാവണ്ടർ ഓയിലും തലവേദനയ്ക്ക് ആശ്വാസം നല്‍കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഇതിനായി ഒരു ടിഷ്യൂ പേപ്പറില്‍ ഏതാനും തുള്ളി ലാവണ്ടർ എണ്ണ ഒഴിച്ചതിന് ശേഷം ആ മണം ശ്വസിക്കാവുന്നതാണ്. 

3. ചെറുനാരങ്ങ

തലവേദന അകറ്റാൻ ഏറ്റവും മികച്ചതാണ് ചെറുനാരങ്ങ. ശരീരത്തിലെ ആസിഡ് ആൽക്കലൈൻ അനുപാതം നിലനിർത്താൻ നാരങ്ങ സഹായിക്കും. ഇതിനായി ഒരു ഗ്ലാസ് ചൂടുവെളളത്തിൽ ചെറുനാരങ്ങ പിഴിഞ്ഞൊഴിച്ച് കുടിക്കുക. 

4. ഐസ് പാക്ക് 

ഐസ് നിറച്ച പ്ലാസ്റ്റിക് പായ്ക്ക് നെറ്റിയിൽ വയ്ക്കുന്നത് തലവേദന അകറ്റാൻ സഹായിക്കും. 

5. വെള്ളം

വെള്ളം ധാരാളം കുടിക്കുക. കാരണം ശരീരത്തില്‍ വേണ്ടത്ര ജലാംശം ഇല്ലാതെ വരുമ്പോഴും ചിലര്‍ക്ക് തലവേദന അനുഭവപ്പെടാം. അതിനാല്‍ ധാരാളം വെള്ളം കുടിക്കുക. 

6. ഇവയുടെ ഉപയോഗം കുറയ്ക്കുക

മൊബൈല്‍ ഫോണ്‍, കംപ്യൂട്ടര്‍ എന്നിവയുടെ അമിതോപയോഗവും തലവേദനയുണ്ടാക്കുന്നതിന് കാരണമാകാം. അതിനാല്‍ ഇവയുടെ ഉപയോഗം കുറയ്ക്കാം.

7. സ്ട്രെസ്, ദീര്‍ഘയാത്ര

സ്ട്രെസ്, ദീര്‍ഘയാത്ര, വെയില്‍ ഏല്‍ക്കുന്നതുമൊക്കെ ചിലരില്‍ തലവേദന ഉണ്ടാക്കാം. ഇത്തരം കാരണങ്ങള്‍ കണ്ടെത്തി അവയില്‍ നിന്നൊക്കെ വിട്ടുനിൽക്കുക. 

8. ഇവ ഒഴിവാക്കുക

ചിലര്‍ക്ക് ചില ഭക്ഷണങ്ങള്‍ കഴിക്കുന്നത് മൈഗ്രേൻ ഉണ്ടാകാം. ചോക്ലേറ്റ്, കോഫി, ചീസ്, അച്ചാര്‍, സംസ്കരിച്ച മാംസം തുടങ്ങിയ ചില ഭക്ഷണങ്ങള്‍ കഴിക്കുമ്പോള്‍ മൈഗ്രേൻ ഉണ്ടാകുന്നവര്‍ അത്തരം ഭക്ഷണങ്ങള്‍ ഒഴിവാക്കുക.