‘റിസർവോയർ ഡോഗ്സ്’, ‘കിൽ ബിൽ’ തുടങ്ങിയ ക്വെന്റിൻ റ്റ​​റ​​ന്റി​​നോ ക്ലാസിക്കുകളിലൂടെ പ്രശസ്തനായ നടൻ മൈക്കൽ മാഡ്‌സെൻ അന്തരിച്ചു. 67 വയസ്സായിരുന്നു. കാലിഫോർണിയയിലെ മാലിബുവിലുള്ള വീട്ടിൽ മാഡ്‌സനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു എന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു.

മരണത്തില്‍ ദുരൂഹതയില്ലെന്ന് ലോസ് ആഞ്ജലസ് കൗണ്ടി ഷെരീഫ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു. മരണകാരണം ഹൃദയാഘാതമാണെന്ന് വിശ്വസിക്കുന്നതായി അദ്ദേഹത്തിന്റെ മാനേജർ റോൺ സ്മിത്ത് പറഞ്ഞു. 300 ചിത്രങ്ങളില്‍ മാഡ്‌സന്‍ അഭിനയിച്ചിട്ടുണ്ട്.

1980 കളുടെ തുടക്കത്തിലാണ് മാഡ്‌സന്റെ അഭിനയ ജീവിതത്തിന് തുടക്കമാകുന്നത്. ‘റിസർവോയർ ഡോഗ്‌സ്’ എന്ന ചിത്രത്തിലെ മിസ്റ്റർ ബ്ലോണ്ട് അദ്ദേഹത്തിന്റെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നായി തുടരുന്നു. കില്‍ ബില്ലിന്റെ രണ്ടുഭാഗങ്ങളിലും അദ്ദേഹം അഭിനയിച്ചു.

2022ൽ, മകൻ ഹഡ്‌സൺ മാഡ്‌സൺ ആത്മഹത്യ ചെയ്തതിന് ശേഷം മാഡ്‌സൻ വിഷാദം മൂലം ബുദ്ധിമുട്ടുകയായിരുന്നു. അതോടെ ലഹരിവസ്തുക്കളുടെ ഉപയോഗവും ആരംഭിച്ചു. അധികം താമസമില്ലാതെതന്നെ, മാഡ്‌സണും ഭാര്യ ഡിയാന്നയും വേർപിരിഞ്ഞു. 2024ൽ, ഡിയാന്ന പരാതിയിൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നു.