98 -ാ മത് ഓസ്‌കാർ സമ്മാനവേദിയിൽ റയാൻ കൂഗ്ലർ സംവിധാനം ചെയ്ത ‘സിന്നേഴ്സ്’ (Sinners) എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള പുരസ്‌കാരം ഏറ്റുവാങ്ങിക്കൊണ്ട് മൈക്കിൾ ബി ജോർദാൻ നടത്തിയ പ്രസംഗം സിനിമാ ലോകത്തെയും ആരാധകരെയും ഒരുപോലെ ആവേശത്തിലാക്കിയിരിക്കുകയാണ്. ‘ദൈവം വലിയവനാണ്’ എന്ന് തുടങ്ങുന്ന വാക്കുകളിലൂടെയാണ് തന്റെ കരിയറിലെ ഏറ്റവും വലിയ നേട്ടത്തെ അദ്ദേഹം വരവേറ്റത്.

വ്യത്യസ്തമാർന്ന വേഷങ്ങളിലൂടെ ശ്രദ്ധേയനായ മൈക്കിളിന് കടുത്ത മത്സരത്തിനൊടുവിലാണ് ഈ പുരസ്‌കാരം ലഭിച്ചത്. തന്റെ കഥാപാത്രത്തിന് വേണ്ടി അദ്ദേഹം നടത്തിയ ശാരീരികവും മാനസികവുമായ മാറ്റങ്ങൾ ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. ​തന്റെ ഉറ്റ സുഹൃത്തും സംവിധായകനുമായ റയാൻ കൂഗ്ലറോടുള്ള നന്ദിയും അദ്ദേഹം വേദിയിൽ പങ്കുവെച്ചു. സിന്നേഴ്സിൽ എലിജ, ഏലിയാസ് എന്നീ ഇരട്ട സഹോദരങ്ങളെയാണ് അദ്ദേഹം അവതരിപ്പിച്ചത്.

തനിക്കൊപ്പം എപ്പോഴും ഉറച്ചുനിന്ന മാതാപിതാക്കളെയും കുടുംബത്തെയും അദ്ദേഹം വേദിയിൽ അനുസ്മരിച്ചു. ‘ദൈവം വലിയവനാണ്’ എന്ന അദ്ദേഹത്തിന്റെ വാക്കുകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. കഠിനാധ്വാനവും വിശ്വാസവും ഉണ്ടെങ്കിൽ ഏതൊരു ലക്ഷ്യവും നേടാനാകുമെന്ന് അദ്ദേഹം ലോകത്തിനു കാണിച്ചുകൊടുത്തു .