റഷ്യയുമായുള്ള സമാധാന കരാറിന് സമ്മതം മൂളാൻ യുണൈറ്റഡ് സ്റ്റേറ്റ്സ് സമ്മർദ്ദം ശക്തമാക്കുന്നതിനിടെ, യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്‌കി സുപ്രധാന ചർച്ചകൾക്കായി ലണ്ടനിലെത്തി. യുക്രെയ്‌നുള്ള പിന്തുണ ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബ്രിട്ടീഷ്, ഫ്രഞ്ച്, ജർമൻ നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുന്നത്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള സമാധാന ചർച്ചകളിൽ ഉക്രെയ്‌ൻ കൂടുതൽ വിട്ടുവീഴ്ചകൾക്ക് തയ്യാറാകേണ്ടി വരുമെന്ന ആശങ്ക യൂറോപ്പിലെ സഖ്യകക്ഷികൾക്കിടയിൽ നിലനിൽക്കുന്ന സാഹചര്യത്തിൽ ഈ ലണ്ടൻ കൂടിക്കാഴ്ചക്ക് വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ട്.

ബ്രിട്ടീഷ് പ്രധാനമന്ത്രി കിയർ സ്റ്റാർമർ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, ജർമൻ ചാൻസലർ ഫ്രീഡ്രിക്ക് മെർസ് എന്നിവരുമായാണ് സെലെൻസ്‌കി ചർച്ച നടത്തുന്നത്. സമാധാന ഉടമ്പടി യാഥാർത്ഥ്യമായാലും ഭാവിയിൽ റഷ്യൻ ആക്രമണങ്ങളിൽ നിന്ന് യുക്രെയ്‌നെ സംരക്ഷിക്കുന്ന ദീർഘകാല സുരക്ഷാ ഉറപ്പുകൾ എങ്ങനെ നൽകുമെന്നതിലാണ് യൂറോപ്യൻ നേതാക്കൾ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

റഷ്യയുടെ ആവശ്യങ്ങൾ വലിയ തോതിൽ ഉൾക്കൊള്ളുന്ന ഒരു സമാധാന പദ്ധതി കഴിഞ്ഞ മാസം യുഎസ് മുന്നോട്ടുവെച്ചിരുന്നു. യുക്രെയ്‌ൻ നാറ്റോയിൽ ചേരുന്നതിൽ നിന്ന് വിലക്കുകയും സൈനിക ശേഷിക്ക് പരിധി നിശ്ചയിക്കുകയും ചെയ്യുന്നതായിരുന്നു ആദ്യ കരട് രൂപം. യൂറോപ്യൻ രാജ്യങ്ങളുടെ ശക്തമായ ഇടപെടലിനെത്തുടർന്ന് ഈ നിർദ്ദേശങ്ങൾ പരിഷ്കരിച്ചെങ്കിലും, യുക്രെയ്ൻ തങ്ങളുടെ പരമാധികാരം സംരക്ഷിക്കാനുള്ള ആവശ്യത്തിൽ ഉറച്ചുനിൽക്കുന്നു.

യുക്രെയ്‌ൻ പ്രതിനിധികളും ട്രംപിന്റെ പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്കോഫും മരുമകൻ ജാരഡ് കുഷ്‌നറും ഉൾപ്പെടെയുള്ള ഉന്നതതല യുഎസ് പ്രതിനിധികളും മിയാമിയിൽ മൂന്ന് ദിവസത്തെ ചർച്ചകൾ നടത്തിയിരുന്നു. ഈ ചർച്ചകൾ ക്രിയാത്മകമായിരുന്നെങ്കിലും എളുപ്പമായിരുന്നില്ലെന്ന് സെലെൻസ്‌കി കഴിഞ്ഞ ദിവസം സൂചിപ്പിച്ചിരുന്നു. യുഎസ് മുന്നോട്ടുവെച്ച സമാധാന നിർദ്ദേശത്തെക്കുറിച്ച് സെലെൻസ്‌കി വേണ്ടത്ര വായിച്ചിട്ടില്ലെന്ന ട്രംപിന്റെ പ്രസ്താവന ചർച്ചകൾക്കിടെ ശ്രദ്ധേയമായി. ഏറ്റവും പുതിയ സംഭവവികാസങ്ങൾ വിലയിരുത്തുന്നതിനും, തങ്ങളുടെ പ്രതിരോധ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിന് കൂടുതൽ വ്യോമ പ്രതിരോധ സംവിധാനങ്ങൾ ആവശ്യപ്പെടുന്നതിനും വേണ്ടിയാണ് യൂറോപ്യൻ സഖ്യകക്ഷികളുമായുള്ള ഈ നിർണായക കൂടിക്കാഴ്ച.