ഗാസയിലെ യുദ്ധം അവസാനിപ്പിക്കുന്നതിനും ഹമാസിന്റെ കൈവശമുള്ള ബന്ദികളെ മോചിപ്പിക്കുന്നതിനുമുള്ള ഒരു ‘സമഗ്ര’ കരാറിനെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി ഹമാസ് പ്രതിനിധി സംഘം ചൊവ്വാഴ്ച കെയ്‌റോയിലെത്തി. ഹമാസ് ചീഫ് നെഗോസിയേറ്റർ ഖലീൽ അൽ ഹയായുടെ നേതൃത്വത്തിലുള്ള സംഘമാണ് ചർച്ചകൾക്കായി ഈജിപ്തിൽ എത്തിയത്.
ഗാസ വീണ്ടും പിടിച്ചെടുക്കാനുള്ള ഇസ്രായേലിന്റെ പ്രഖ്യാപിത പദ്ധതി, ചർച്ചകൾക്ക് മേൽ കടുത്ത നിഴൽ വീഴ്ത്തുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈജിപ്തിലെ ഈ ചർച്ചകളുടെ ഫലം ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ സർക്കാരിന്റെ നിലപാടുകളിൽ മാറ്റം വരുത്താൻ സാധ്യതയില്ലെന്നും മാധ്യമങ്ങൾ വിലയിരുത്തുന്നു.
ഗാസയിൽ ഹമാസിൻ്റെ കൈവശമുള്ള 50 ബന്ദികളെ വിട്ടയക്കുന്നതിനും, ഇസ്രായേൽ ജയിലുകളിൽ കഴിയുന്ന പലസ്തീനികളെ മോചിപ്പിക്കുന്നതിനുമുള്ള വ്യവസ്ഥകൾ ഈ സമഗ്ര കരാറിൽ ഉൾക്കൊള്ളുന്നു. ഈ ബന്ദികളിൽ 20 പേർ മാത്രമാണ് ഇപ്പോൾ ജീവിച്ചിരിപ്പുണ്ടെന്ന് വിശ്വസിക്കുന്നത്. കൂടാതെ, അന്താരാഷ്ട്ര മേൽനോട്ടത്തിൽ ഹമാസിൻ്റെ ആയുധങ്ങൾ നിരായുധീകരിക്കുക, യുദ്ധാനന്തര ഗാസയുടെ ഭരണം, പുനർനിർമ്മാണം എന്നിവയും ചർച്ചകളിൽ വിഷയമായി. ഗാസയിലേക്ക് മാനുഷിക സഹായം തടസ്സമില്ലാതെ എത്തിക്കുന്നതിനുള്ള നിർദേശങ്ങളും കരാറിൻ്റെ ഭാഗമാണ്. ഹമാസ് നേതാക്കൾക്ക് കുടുംബത്തോടൊപ്പം വിദേശത്തേക്ക് പോകാനുള്ള നിർദേശവും ചർച്ചക്ക് വെച്ചിട്ടുണ്ട്.
ഇതുകൂടാതെ, ജോർദാൻ, ഈജിപ്ത് എന്നീ രാജ്യങ്ങളുടെ സഹായത്തോടെ 150 പലസ്തീൻ സുരക്ഷാ-ഇന്റലിജൻസ് ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകുന്നതിനും പുതിയ പലസ്തീൻ പോലീസ് സേനയ്ക്ക് അടിസ്ഥാന പരിശീലനം നൽകുന്നതിനും കരാർ വിഭാവനം ചെയ്യുന്നു. യു.എന്നിൻ്റെ മേൽനോട്ടത്തിൽ ഈജിപ്ത്, ജോർദാൻ, ഗൾഫ് അറബ് രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള സൈനികർ ഉൾപ്പെട്ട ഒരു അറബ് സേനയെ കരാർ വ്യവസ്ഥകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഗാസയിലേക്ക് അയക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു. അതേസമയം, ഹമാസ് പ്രതിനിധിയായ മഹ്മൂദ് താഹ ഈ നിർദേശത്തെ പൂർണ്ണമായും തള്ളിക്കളഞ്ഞു. ‘അറബ് സൈനികരെ കൊണ്ടുവരുന്നതിനെക്കുറിച്ചുള്ള സംസാരം ഔദ്യോഗികമല്ല. ഞങ്ങൾ ഇത് മാധ്യമങ്ങളിൽ കണ്ടിട്ടുണ്ട്, പക്ഷെ ഇത് ഔദ്യോഗികമല്ല. ഗാസയിൽ ആരായിരിക്കണം എന്ന് തീരുമാനിക്കുന്നത് പലസ്തീൻ വിഭാഗങ്ങളും പലസ്തീൻ ജനതയും മാത്രമാണ്. ബാഹ്യമായ ഇടപെടലുകൾ ഞങ്ങൾ അംഗീകരിക്കില്ല.’- താഹ പറഞ്ഞു.



