മെഡിക്കൽ കോളജിലെ ചില അധ്യാപകർ വിദ്യാർഥികളെ കൊടിയ മാനസിക പീഡനത്തിന് ഇരയാക്കുന്നുവെന്ന് ഹൈക്കോടതി. ഇത്തരം പീഡനങ്ങൾ നേരിടുന്ന കുട്ടികളിൽ പലർക്കും ഇത് തുറന്ന് പറയാൻ അവസരമില്ലെന്നും കോടതി നിരീക്ഷിച്ചു. കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളജിലെ BDS വിദ്യാർഥി നിതിൻ രാജിന്റെ ആത്മഹത്യയ്ക്ക് പ്രഥമദൃഷ്ട്യാ ഡോ എൻ കെ റാമിന്റെ വാക്കുകൾ കാരണമായിട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചു.
കേസിൽ മാധ്യമ ഇടപെടലുകളെ ഹൈക്കോടതി അഭിനന്ദിച്ചു. മാധ്യമങ്ങൾ ജനാധിപത്യത്തിന്റെ നാലാം തൂണാണ്. നിയമവിരുദ്ധമായ കാര്യങ്ങൾ എതിർക്കാൻ മാധ്യമങ്ങൾ എപ്പോഴും ശ്രമിക്കുന്നു. എന്നുവെച്ച് ഒരു ജഡ്ജിയും മാധ്യമങ്ങളാൽ സ്വാധീനിക്കപ്പെടാറില്ല. മാധ്യമങ്ങളുടെ അവകാശങ്ങൾ റദ്ദ് ചെയ്യപ്പെടുന്നത് പൊതുജന താൽപര്യത്തിനെതിരാണെന്നും കോടതി പറഞ്ഞു.
മെഡിക്കൽ വിദ്യാർഥികൾ മാനസിക പീഡനത്തിന് ഇരയാകുന്നു എന്നതിൽ കഴമ്പുണ്ടെന്ന് ഉത്തരവിൽ ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ മെഡിക്കൽ കമ്മീഷനും സർക്കാരും ഇടപെടണമെന്നും ഹൈക്കോടതി നിർദേശിച്ചു. ഏപ്രില്‍ 10 നാണ് നിതിന്‍ രാജ് കോളജ് കെട്ടിടത്തില്‍ നിന്നും ചാടി ജീവനൊടുക്കിയത്. വകുപ്പ് മേധാവി റാം മാനസികമായി പീഡിപ്പിക്കുന്നുണ്ടെന്ന് നിതിന്‍ നേരത്തെ തന്നെ കുടുംബത്തെ അറിയിച്ചിരുന്നു.പ്രതി റാം ഇപ്പോഴും ഒളിവിലാണ്.
കോളജിൽ വിദ്യാർഥികൾക്ക് മാർക്ക് മനഃപൂർവം നൽകാത്ത സാഹചര്യമുണ്ട് . ഇതിൽ ഭയം തോന്നി പഠനം ഉപേക്ഷിക്കുന്നത് സാധാരണ സംഭവമായി മാറുന്നുണ്ട്. ചിലർ ആത്മഹത്യ ചെയ്യുന്നു. പി ജി ഡോക്ടർമാർ രാപകൽ വ്യത്യാസമില്ലാതെ ജോലി ചെയ്യാൻ നിർബന്ധിക്കപ്പെടുന്നുണ്ട് .അവർക്ക് ഭക്ഷണവും ഉറക്കവും പോലും പല സമയങ്ങളിലും നിഷേധിക്കപ്പെടുന്നു. ദേശീയ ആരോഗ്യ മിഷൻ- കേന്ദ്ര സർക്കാർ ഇത്തരം സാഹചര്യങ്ങൾ പരിശോധിക്കുവാൻ തയ്യാറാകണമെന്ന് കോടതി നിരീക്ഷിച്ചു. പ്രശ്നങ്ങൾ പരിശോധിക്കാൻ ഒരു കമ്മീഷനെ നിയമിക്കുന്നതിനെക്കുറിച്ച് ആലോചിക്കേണ്ടതാണ് എന്നും കോടതി ചൂണ്ടിക്കാട്ടി.
ഡോ. റാമിനെതിരെ പ്രാഥമികമായ തെളിവുകൾ ഉണ്ട്. ക്രൂരമായ രീതിയിൽ നിതിൻ രാജിനെ അപമാനിക്കാൻ ശ്രമിച്ചു എന്ന് സഹപാഠികൾ മൊഴി നൽകിയിട്ടുണ്ട്. അധ്യാപകനിൽ നിന്ന് ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത പ്രവർത്തിയാണിതെന്നും ഹൈക്കോടതി വ്യക്തമാക്കി.



