തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസ് തടഞ്ഞ കേസില്‍ മേയര്‍ ആര്യ രാജേന്ദ്രനേയും ഭര്‍ത്താവും ബാലുശേരി എംഎല്‍എയുമായ സച്ചിന്‍ദേവിനേയും കുറ്റപത്രത്തിൽ നിന്നും ഒഴിവാക്കിയതിൽ പ്രതികരണവുമായി ഡ്രെെവർ യദു. ഇങ്ങനെയേ സംഭവിക്കൂവെന്ന് നേരത്തെ പ്രതീക്ഷിച്ചിരുന്നു. നിയമപരമായി ഇനിയും മുന്നോട്ട് പോകും. പ്രൈവറ്റ് ബസിൽ ലീവ് വേക്കൻസിയിലാണ് ഇപ്പോൾ ഓടുന്നത്. കെഎസ്ആർടിസിയിൽ തിരിച്ചെടുത്തിട്ടില്ല. ഇത്രയും പ്രശ്നമുണ്ടാക്കിയ മേയറും എംഎൽഎയും നല്ല പോലെ ജോലി ചെയ്ത് ജീവിക്കുന്നു, ജനങ്ങളെ പറ്റിക്കുന്നു. കെഎസ്ആർടിസി ബസ് ഓടിച്ചു എന്ന കുറ്റമേ ചെയ്തിട്ടുള്ളൂ. പാവങ്ങളുടെ പാർട്ടി എന്നാണ് കമ്മ്യൂണിസ്റ്റിനെ പറയുന്നത്, പക്ഷേ തന്നെ ഒരുപാട് ദ്രോഹിച്ചെന്നും യദു പറഞ്ഞു.

മേയര്‍ ആര്യ രാജേന്ദ്രനും ഭര്‍ത്താവും ബാലുശേരി എംഎല്‍എയുമായ സച്ചിന്‍ദേവും പ്രതികളല്ലെന്നാണ് കുറ്റപത്രം. ഇരുവരെയും പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയാണ് തിരുവനന്തപുരം കറ്റോണ്‍മെന്റ് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ മേയറുടെ സഹോദരന്‍ അരവിന്ദ് മാത്രമാണ് പ്രതി.