തൃശൂര്‍: തൃശൂര്‍ മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തിൽ കോൺഗ്രസ് അംഗങ്ങൾ ഒന്നടങ്കം പാർട്ടിയിൽ നിന്ന് രാജിവച്ച് ബിജെപിക്കൊപ്പം ചേര്‍ന്ന് കോണ്‍ഗ്രസ് വിമതയെ പ്രസിഡന്‍റാക്കിയ സംഭവത്തിൽ കൂട്ട നടപടിയുമായി കോണ്‍ഗ്രസ് ജില്ലാ നേതൃത്വം. ബിജെപി പാളയത്തിലെത്തിയ എട്ട് അംഗങ്ങള്‍ അടക്കം പത്തുപേരെ കോണ്‍ഗ്രസ് പാര്‍ട്ടിയിൽ നിന്ന് പുറത്താക്കി. തൃശൂര്‍ ചൊവ്വന്നൂര്‍ ഗ്രാമപഞ്ചായത്തിൽ എസ്‍ഡിപിഐ പിന്തുണയിൽ പ്രസിഡന്‍റായ എഎം നിധീഷിനെയും കോണ്‍ഗ്രസ് പുറത്താക്കി. തൃശൂര്‍ ഡിസിസി പ്രസിഡന്‍റ് ജോസഫ് ടാജറ്റാണ് അംഗങ്ങളെ പുറത്താക്കികൊണ്ടുള്ള നടപടിയെടുത്തത്. മറ്റത്തൂരിൽ കോണ്‍ഗ്രസ് പാര്‍ട്ടിയിൽ നിന്ന് രാജിവെച്ച എട്ട് അംഗങ്ങളെയും ബിജെപിയൊടൊപ്പം ചേര്‍ന്ന് പ്രസിഡന്‍റായ കോണ്‍ഗ്രസ് വിമത ടെസി കല്ലറക്കലിനെയും അടക്കമാണ് പുറത്താക്കിയത്. ഇതോടൊപ്പം മറ്റത്തൂരിൽ ഇടതുപക്ഷത്തിനൊപ്പം നിൽക്കാൻ ശ്രമിച്ച കെ ആർ ഔസേപ്പിനെയും പുറത്താക്കി.
സുമ മാഞ്ഞുരാൻ, ടെസി കല്ലറയ്കക്കൽ, അക്ഷയ് കൃഷ്ണ, സിജി രാജു, സിബി പൗലോസ്, ശ്രീജ ടീച്ചര്‍, മിനി ടീച്ചര്‍, കെആര്‍ ഔസ്സേപ്പ്, ലിന്‍റോ പള്ളിപ്പറമ്പിൽ, നൂര്‍ജഹാൻ എന്നിവരെയാണ് പുറത്താക്കിയത്. തൃശൂര്‍ മറ്റത്തൂരില്‍ ജയിച്ച മുഴുവന്‍ കോണ്‍ഗ്രസ് അംഗങ്ങളെയും സ്വന്തം പാളയത്തിലെത്തിച്ചാണ് ബിജെപിയുടെ അട്ടിമറി നടന്നത്. ചില ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് സര്‍ക്കാരുകളെ അട്ടിമറിക്കുന്നതിനു സമാനമായിരുന്നു മറ്റത്തൂരിലെ ബിജെപിയുടെ ‘ഓപ്പറേഷൻ താമര’ നീക്കം. പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ജയിച്ച എട്ട് കോണ്‍ഗ്രസ് അംഗങ്ങളും ഒന്നിച്ച് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചത്. നാലു ബിജെപി അംഗങ്ങള്‍ക്കൊപ്പം രാജിവെച്ച കോണ്‍ഗ്രസുകാരും വോട്ടു ചെയ്തതോടെ കോണ്‍ഗ്രസ് വിമത ടെസി ജോസ് കല്ലറക്കല്‍ മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്‍റായി. സ്ഥാനാര്‍ഥി നിര്‍ണയം മുതല്‍ കോണ്‍ഗ്രസിലുണ്ടായിരുന്ന അഭിപ്രായ ഭിന്നതകളാണ് അട്ടിമറിക്ക് വഴിവച്ചത്. പിന്നാലെ പഞ്ചായത്തിന്‍റെ ചുമതലയുണ്ടായിരുന്ന ഡിസിസി ജനറല്‍ സെക്രട്ടറിയെയും മണ്ഡലം പ്രസിഡന്‍റിനെയും കോണ്‍ഗ്രസ് പുറത്താക്കി നടപടിയെടുത്തിരുന്നു. ഇതിനുപിന്നാലെയാണിപ്പോള്‍ രാജിവെച്ച എട്ട് അംഗങ്ങളെയും ടെസി ജോസ് കല്ലറക്കലിനെയുമടക്കം പുറത്താക്കികൊണ്ടുള്ള കോണ്‍ഗ്രസ് നടപടി.
അതേസമയം, ചൊവ്വന്നൂര്‍ പഞ്ചായത്തില്‍ എസ്ഡിപിഐ അംഗങ്ങളുടെ പിന്തുണയോടെയാണ് യുഡിഎഫ് ഭരണം പിടിച്ചത്. രണ്ട് എസ്ഡിപിഐ അംഗങ്ങള്‍ യുഡിഎഫിന് വോട്ടു ചെയ്തതോടെയാണ് ചൊവ്വന്നൂരില്‍ എല്‍ഡിഎഫിന് ഭരണം നഷ്ടമായത്. ഇവിടെ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്‍റിനോടും വൈസ് പ്രസിഡന്‍റിനോടും രാജിവെയ്ക്കണമെന്ന് യുഡിഎഫ് നേതൃത്വം നിര്‍ദേശം നല്‍കിയിരുന്നു. ചൊവ്വന്നൂരിൽ കോണ്‍ഗ്രസ് നയങ്ങള്‍ക്ക് വിരുദ്ധമായി പാര്‍ട്ടി തീരുമാനങ്ങള്‍ ലംഘിച്ച് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിച്ച് പ്രസിഡന്‍റായ എഎം നിധീഷിനെയാണ് പാര്‍ട്ടിയിൽ നിന്ന് പുറത്താക്കിയത്. എസ്‍ഡിപിഐ പിന്തുണയോടെ പഞ്ചായത്ത് പ്രസിഡന്‍റ് ആയതിലാണ് നടപടി.



