നൈജീരിയയിലെ ബെനു സംസ്ഥാനത്ത്, മിഡിൽ ബെൽറ്റ് മേഖലയിലുടനീളം അരക്ഷിതാവസ്ഥ രൂക്ഷമാകുന്നു. പ്രദേശത്ത് ഒരാഴ്ചയ്ക്കിടെ നടന്ന വിവിധ ആക്രമണങ്ങളിൽ കുറഞ്ഞത് 85 ക്രൈസ്തവർ കൊല്ലപ്പെട്ടു.

ജൂൺ ഒന്നിന്, ഗ്വെർ വെസ്റ്റ്, അപ കൗണ്ടികളിലെ സമൂഹങ്ങളിൽ സായുധ സംഘങ്ങൾ നടത്തിയ ആക്രമണത്തിൽ കുറഞ്ഞത് 43 പേർ കൊല്ലപ്പെട്ടു. ഫുലാനി തീവ്രവാദികൾ നാക പട്ടണത്തിനടുത്തുള്ള ത്സെ ആന്റ്സ്വാമിലും അപയിലെ എഡിക്വു-അങ്ക്പാലിയിലും വൈകുന്നേരം ഏഴുമണിയോടെ ആക്രമണം നടത്തുകയായിരുന്നു. ദിവസങ്ങൾക്ക് മുമ്പ്, ഗ്വെർ വെസ്റ്റിലെ നിരവധി ഗ്രാമങ്ങളിലായി സമാനമായ ആക്രമണങ്ങൾ നടന്നിരുന്നു. ഈ ആക്രമണത്തിൽ 42 പേർ കൊല്ലപ്പെടുകയും നൂറുകണക്കിന് പ്രദേശവാസികളെ മാറ്റിപ്പാർപ്പിക്കുന്നതിനും കാരണമായി. പ്രധാനമായും ക്രിസ്ത്യൻ കർഷക ജനവിഭാഗങ്ങൾക്കും ഫുലാനി തീവ്രവാദികൾ ഉൾപ്പെടെയുള്ള മുസ്ലീം നാടോടി ഇടയ ഗ്രൂപ്പുകൾക്കും ഇടയിൽ ഭൂമി, വെള്ളം, രാഷ്ട്രീയ പ്രാതിനിധ്യം എന്നിവയെച്ചൊല്ലിയുള്ള ആക്രമണങ്ങൾ പതിവാണ്.

തദ്ദേശ സ്വയംഭരണ വിദ്യാഭ്യാസ അതോറിറ്റി (എൽ ജി ഇ എ) പ്രൈമറി സ്കൂളിനും ഫെഡറൽ അണക്കെട്ട് പദ്ധതിക്കും സമീപം സ്ഥിതിചെയ്യുന്ന ത്സെ ആന്റ്സ്വാമിൽ, 17 മൃതദേഹങ്ങൾ കണ്ടെടുത്തു. കുടിയിറക്കപ്പെട്ട താമസക്കാർ സ്കൂളിൽ അഭയം തേടി, അവിടെ പ്രാദേശിക ജാഗ്രതാ ഉദ്യോഗസ്ഥരും പൊലീസും സുരക്ഷാ സഹായങ്ങൾ നൽകിവരുന്നു. ഗ്വെർ വെസ്റ്റിലെ 15 രാഷ്ട്രീയ വാർഡുകളിൽ 14 എണ്ണത്തിലും കഴിഞ്ഞ വർഷം ആക്രമണം നടന്നിട്ടുണ്ടെന്ന് പ്രാദേശിക കമ്മ്യൂണിറ്റി നേതാവായ പാട്രിക് മോഡൂം പറഞ്ഞു.

അപാ കൗണ്ടിയിൽ, എഡിക്വു, അങ്ക്പാലി കമ്മ്യൂണിറ്റികളിലും 16 പേർ കൊല്ലപ്പെട്ടു. നിരവധി താമസക്കാരെ കാണാതായിട്ടുണ്ടെന്നും, മരണസംഖ്യയുടെ പൂർണ്ണവിവരം നിർണ്ണയിക്കാൻ പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്. ഒവുക്പ റോഡിൽ 14 സ്ത്രീകളെ തട്ടിക്കൊണ്ടുപോയതിന് ഒരു ദിവസത്തിന് ശേഷമാണ് ബെനുവിൽ അക്രമം ഉണ്ടായത്.