വാഷിങ്ടൺ: നാടുകടത്തലിന് കാരണമായേക്കാവുന്ന വിഷയങ്ങളുണ്ടോ എന്നറിയാൻ വിദേശികൾക്ക് നൽകിയ 5.5 കോടിയിലധികം വിസകൾ അമേരിക്ക പുനഃപരിശോധന നടത്തുന്നു. ട്രംപ് ഭരണകൂടം വ്യാഴാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്.
വിനോദസഞ്ചാരികൾ ഉൾപ്പെടെ എല്ലാ യുഎസ് വിസ ഉടമകളും തുടർച്ചയായ പരിശോധനയ്ക്ക് വിധേയരാണെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അറിയിച്ചതായി വാർത്താ ഏജൻസിയായ എപി റിപ്പോർട്ട് ചെയ്തു. നാടുകടത്തലിന് കാരണമായേക്കാവുന്ന ഏതെങ്കിലും ലംഘനങ്ങൾ കണ്ടെത്തിയാൽ വിസ റദ്ദാക്കപ്പെടും. വിസ ഉടമ അമേരിക്കയിൽ തുടരുകയാണെങ്കിൽ നാടു കടത്തുകയും ചെയ്യും.
ഡൊണാൾഡ് ട്രംപ് അധികാരമേറ്റ ശേഷം യുഎസിൽ അനധികൃത കുടിയേറ്റക്കാർക്കുനേരെ കർശന നടപടിയാണ് സ്വീകരിച്ചുവരുന്നത്. അതിന്റെ തുടർച്ചയാണ് ഇപ്പോഴത്തെ നടപടിയെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പറയുന്നു. ഇതൊരു തുടർച്ചയായ പ്രക്രിയയാണെന്നും അമേരിക്കയിൽ താമസിക്കാൻ അനുമതി ലഭിച്ചവരുടെ പോലും വിസ പെട്ടെന്ന് റദ്ദാക്കപ്പെട്ടേക്കാം എന്നാണ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ പുതിയ നിലപാട് സൂചിപ്പിക്കുന്നത്.
ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റിയുടെ കണക്കനുസരിച്ച്, കഴിഞ്ഞ വർഷം 12.8 ദശലക്ഷം ഗ്രീൻ കാർഡ് ഉടമകളും 3.6 ദശലക്ഷം പേർ താൽക്കാലിക വിസയിലും അമേരിക്കയിൽ ഉണ്ടായിരുന്നു.
വിസയിൽ അനുവദിച്ച സമയപരിധി കഴിഞ്ഞും തങ്ങുന്നത്, ക്രിമിനൽ പ്രവർത്തനം, പൊതുസുരക്ഷാ ഭീഷണി, ഏതെങ്കിലും തരത്തിലുള്ള തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയോ തീവ്രവാദ സംഘടനയ്ക്ക് പിന്തുണ നൽകുകയോ ചെയ്യുക എന്നിവയുൾപ്പെടെയുള്ള കാര്യങ്ങളാണ് പ്രധാനമായും പരിശോധിച്ചുവരുന്നതെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പറഞ്ഞു.
‘വിസ നൽകിയതിന് ശേഷം അയോഗ്യതയുണ്ടെന്ന് സൂചിപ്പിക്കുന്ന ഏതെങ്കിലും വിവരം ലഭിച്ചാൽ അത് അവലോകനം ചെയ്ത് വേണ്ട നടപടികൾ സ്വീകരിക്കും’യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ വിശദീകരണത്തിൽ പറയുന്നു.