ഇന്ത്യയുമായുള്ള നയതന്ത്രബന്ധം പുനഃസ്ഥാപിക്കുന്നതിനും ഉഭയകക്ഷി വ്യാപാരം ഇരട്ടിയാക്കുന്നതിനുമായി കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി ഇന്ത്യയിലെത്തി. മുംബൈയിൽ വിമാനമിറങ്ങിയ അദ്ദേഹത്തെ ഉന്നത ഉദ്യോഗസ്ഥർ ചേർന്ന് സ്വീകരിച്ചു. അമേരിക്കയുമായുള്ള കാനഡയുടെ ബന്ധത്തിൽ വിള്ളലുകൾ വീഴുന്ന പശ്ചാത്തലത്തിൽ, ഇന്ത്യയുമായുള്ള സഹകരണം ശക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സന്ദർശനം.
തന്റെ സന്ദർശനത്തിന്റെ ആദ്യ രണ്ട് ദിവസങ്ങളിൽ ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈയ്ക്കാണ് കാർണി മുൻഗണന നൽകുന്നത്. പ്രമുഖ കമ്പനികളുടെ സി.ഇ.ഒമാർ, ധനകാര്യ വിദഗ്ധർ, കനേഡിയൻ പെൻഷൻ ഫണ്ട് പ്രതിനിധികൾ എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. മുംബൈയിലെ പരിപാടികൾക്ക് ശേഷം മാർച്ച് 1-ന് അദ്ദേഹം ന്യൂഡൽഹിയിലെത്തും. മാർച്ച് 2 തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കാർണി കൂടിക്കാഴ്ച നടത്തും. ഹൈദരാബാദ് ഹൗസിൽ നടക്കുന്ന ചർച്ചയിൽ വ്യാപാരം, ഊർജ്ജം, നിർണ്ണായക ധാതുക്കൾ (Critical Minerals), കൃഷി, വിദ്യാഭ്യാസം, സാങ്കേതിക വിദ്യ എന്നീ മേഖലകളിലെ സഹകരണം ഇരുനേതാക്കളും വിലയിരുത്തും.
ജസ്റ്റിൻ ട്രൂഡോയുടെ കാലഘട്ടത്തിൽ ഇന്ത്യ-കാനഡ ബന്ധം ഏറ്റവും മോശം അവസ്ഥയിലായിരുന്നു. നിജ്ജാർ വധവുമായി ബന്ധപ്പെട്ട് കാനഡ ഉന്നയിച്ച തെളിവുകളില്ലാത്ത ആരോപണങ്ങൾ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര പോരിന് വഴിതെളിച്ചിരുന്നു. എന്നാൽ 2025 ഏപ്രിലിൽ മാർക്ക് കാർണി അധികാരത്തിൽ വന്നതോടെ ഈ നിലപാടിൽ വലിയ മാറ്റമുണ്ടായി. ഇന്ത്യയ്ക്ക് എതിരെ ഉന്നയിച്ചിരുന്ന ആരോപണങ്ങൾ കാനഡ തള്ളുകയും ബന്ധം മെച്ചപ്പെടുത്താൻ താല്പര്യം പ്രകടിപ്പിക്കുകയും ചെയ്തു.



