അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ നാല് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തി. ശനിയാഴ്ച രാവിലെ കൊല്‍ക്കത്തയിലെത്തിയ അദ്ദേഹം, 14 വര്‍ഷത്തിന് ശേഷം പശ്ചിമ ബംഗാള്‍ തലസ്ഥാനം സന്ദര്‍ശിക്കുന്ന ആദ്യ യുഎസ് സ്റ്റേറ്റ് സെക്രട്ടറിയാണ്.
സംസ്ഥാനത്ത് അടുത്തിടെ ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെയുള്ള ഈ ഉന്നതതല സന്ദര്‍ശനം അന്താരാഷ്ട്ര നയതന്ത്ര രംഗത്ത് വലിയ പ്രാധാന്യത്തോടെയാണ് വീക്ഷിക്കപ്പെടുന്നത്. ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെര്‍ജിയോ ഗോറാണ് മാര്‍ക്കോ റൂബിയോയുടെ വരവ് എക്സിലൂടെ ഔദ്യോഗികമായി അറിയിച്ചത്. റൂബിയോയുടെ കരിയറിലെ ആദ്യ ഇന്ത്യന്‍ സന്ദര്‍ശനമാണിത്. കൊല്‍ക്കത്തയിലെ ആദ്യഘട്ട പരിപാടികള്‍ക്ക് ശേഷം അദ്ദേഹം ഡല്‍ഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. വിമാനത്താവളത്തില്‍ യുഎസ് അംബാസഡര്‍ സെര്‍ജിയോ ഗോറിന്റെ നേതൃത്വത്തിലാണ് അദ്ദേഹത്തെ സ്വീകരിച്ചത്.
കൊല്‍ക്കത്തയിലെത്തിയ റൂബിയോ, വിശുദ്ധ മദര്‍ തെരേസ സ്ഥാപിച്ച മിഷനറീസ് ഓഫ് ചാരിറ്റിയുടെ ആസ്ഥാനമായ ‘മദര്‍ ഹൗസ്’ സന്ദര്‍ശിച്ചാണ് ഔദ്യോഗിക പരിപാടികള്‍ക്ക് തുടക്കമിട്ടത്. മദര്‍ തെരേസയുടെ കല്ലറയില്‍ പ്രാര്‍ഥിച്ച അദ്ദേഹം തുടര്‍ന്ന് മിഷനറീസ് ഓഫ് ചാരിറ്റിയുടെ കീഴിലുള്ള നിര്‍മ്മല ശിശു ഭവന്‍ എന്ന കുട്ടികളുടെ ഭവനവും സന്ദര്‍ശിച്ചു.
മദര്‍ തെരേസ കരുണയുടെയും സേവനത്തിന്റെയും വലിയൊരു പൈതൃകമാണ് അവശേഷിപ്പിച്ചു പോയത്. കത്തോലിക്കാ വിശ്വാസത്തിന്റെ ജീവിക്കുന്ന ഉദാഹരണം നേരില്‍ കാണാനും ആ പൈതൃകത്തിന് ആദരവര്‍പ്പിക്കാനും കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് സന്ദര്‍ശനത്തിന് ശേഷം റൂബിയോ എക്‌സില്‍ കുറിച്ചു.



