തൃശൂരിലെ ഒരു പ്രമുഖ സ്പായില്‍ നടന്ന റെയ്ഡിനിടെയാണ് യാദൃശ്ചികമായി അനീഷ് പോലീസിന്റെ വലയിലാകുന്നത്. ഒരു ഹണിട്രാപ്പ് കേസിലെ വനിതാ പ്രതിയെ തേടിയെത്തിയ അന്വേഷണ സംഘത്തിന് മുന്നിലേക്കാണ് അനേകം ക്രിമിനല്‍ കേസുകളിലെ പ്രതിയായ അനീഷ് ചെന്നുപെട്ടത്.

തൃശൂരിലെ ഒരു സ്പായില്‍ ഹണിട്രാപ്പ് കേസുമായി ബന്ധപ്പെട്ട പ്രതി ഒളിവില്‍ കഴിയുന്നുണ്ടെന്ന രഹസ്യ വിവരത്തെത്തുടര്‍ന്നാണ് സിറ്റി പോലീസ് റെയ്ഡ് നടത്തിയത്. എന്നാല്‍ അകത്ത് പരിശോധന നടത്തിയ പോലീസിനെ ഞെട്ടിച്ചുകൊണ്ട് അവിടെ കണ്ടത് മരട് അനീഷിനെയായിരുന്നു. ഒരു യുവതിക്കൊപ്പം സ്പായില്‍ സമയം ചെലവഴിക്കുകയായിരുന്നു അനീഷ്. ഏറെക്കാലമായി പോലീസിന്റെ കണ്ണുവെട്ടിച്ച്‌ നടക്കുകയായിരുന്ന അനീഷിനെ ഒട്ടും പ്രതീക്ഷിക്കാതെ കൈപ്പിടിയിലായ സന്തോഷത്തിലാണ് പോലീസ്.

കേരളത്തിന് പുറമെ തമിഴ്നാട്ടിലും അനീഷിനെതിരെ നിരവധി ഗുരുതര കേസുകളുണ്ട്. പ്രധാനമായും പിടിച്ചുപറി, ക്വട്ടേഷന്‍ ആക്രമണം, തട്ടിക്കൊണ്ടുപോകല്‍ എന്നീ കേസുകളില്‍ തമിഴ്നാട് പോലീസ് അനീഷിനെതിരെ വാറന്റ് പുറപ്പെടുവിച്ചിരുന്നു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം അനീഷിനെ തമിഴ്നാട് പോലീസിന് കൈമാറാനാണ് നിലവിലെ തീരുമാനം. കൊച്ചിയിലെയും പരിസരത്തെയും ഗുണ്ടാ സംഘങ്ങളുടെ കുടിപ്പകയുമായി ബന്ധപ്പെട്ടും അനീഷ് പലതവണ വാര്‍ത്തകളില്‍ ഇടംപിടിച്ചിട്ടുണ്ട്.

അതേസമയം, അനീഷിന്റെ അറസ്റ്റിന് പിന്നാലെ ഗുരുതര ആരോപണങ്ങളുമായി ബന്ധുക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. അനീഷിനെ വധിക്കാന്‍ ഗൂഢാലോചന നടക്കുന്നുണ്ടെന്നും, തമിഴ്നാട് പോലീസിന് കൈമാറുന്നതിനിടെ അപായപ്പെടുത്താന്‍ സാധ്യതയുണ്ടെന്നുമാണ് ഇവരുടെ ഭയം. നേരത്തെ മറുസംഘങ്ങള്‍ അനീഷിനെ ലക്ഷ്യമിട്ടിരുന്ന കാര്യവും ബന്ധുക്കള്‍ ചൂണ്ടിക്കാട്ടുന്നു. ജയിലില്‍ നിന്ന് ഇറങ്ങിയ ശേഷം ദീര്‍ഘകാലമായി ഒളിവില്‍ കഴിഞ്ഞിരുന്ന അനീഷ്, തൃശൂര്‍ കേന്ദ്രീകരിച്ച്‌ ഗുണ്ടാ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയായിരുന്നോ എന്ന കാര്യവും പോലീസ് പരിശോധിക്കുന്നുണ്ട്. സ്പായില്‍ ഒപ്പമുണ്ടായിരുന്ന യുവതിയെക്കുറിച്ചും പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു