ഇന്ത്യ-യുഎസ് സംയുക്ത പ്രസ്താവന പുറത്തിറക്കിയതിന് പിന്നാലെ, ട്രംപ് ഭരണകൂടം പങ്കുവച്ച ഇന്ത്യയുടെ ഭൂപടം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു. യുഎസ് ട്രേഡ് റെപ്രസെന്റേറ്റീവ് ഓഫിസ് പുറത്തുവിട്ട ഭൂപടത്തില്‍ പാക്ക് അധിനിവേശ കാശ്മീര്‍ ഉള്‍പ്പെടെയുള്ള ജമ്മു കാശ്മീര്‍ മുഴുവനായും ഇന്ത്യയുടെ ഭാഗമായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കൂടാതെ ചൈന തങ്ങളുടേതെന്ന് അവകാശപ്പെടുന്ന അക്സായ് ചിന്നും ഈ ഔദ്യോഗിക ഭൂപടത്തില്‍ ഇന്ത്യയുടെ ഭാഗമായാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. യുഎസിന്റെ ഈ നീക്കം വലിയ രാഷ്ട്രീയ പ്രാധാന്യത്തോടെയാണ് നിരീക്ഷിക്കപ്പെടുന്നത്.
മുന്‍പ് യുഎസോ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റോ പുറത്തുവിട്ട ഭൂപടങ്ങളില്‍ പാക്കിസ്ഥാന്റെ ആശങ്കകള്‍ കണക്കിലെടുത്ത് പാക്ക് അധിനിവേശ കാശ്മീരിനെ വ്യക്തമായി വേര്‍തിരിച്ച് രേഖപ്പെടുത്താറുണ്ടായിരുന്നു ഇക്കാര്യത്തില്‍ എടുത്ത് പറയേണ്ടത്. എന്നാല്‍ ട്രംപ് ഭരണകൂടം പുറത്തിറക്കിയ ഏറ്റവും പുതിയ ഭൂപടം പാക്കിസ്ഥാന്റെ അവകാശ വാദങ്ങളെ പാടേ തള്ളിക്കളയുന്നതാണ്.
അതേസമയം ജമ്മു കാശ്മീര്‍, ലഡാക്കിന്റെ ചില ഭാഗങ്ങള്‍, ഗുജറാത്തിലെ ജുനഗഡ്, മാനവദര്‍, സര് ക്രീക്ക് എന്നിവ തങ്ങളുടേതാണെന്ന് അവകാശപ്പെട്ട് 2020 ല്‍ പാക്കിസ്ഥാന് പുതിയ രാഷ്ട്രീയ ഭൂപടം പുറത്തിറക്കിയിരുന്നു. ഇന്ത്യ ഈ നീക്കത്തെ രാഷ്ട്രീയ വിഡ്ഢിത്തം എന്ന് വിശേഷിപ്പിക്കുകയും, ഇന്ത്യന്‍ പ്രദേശങ്ങള്‍ക്ക് മേലുള്ള ഇത്തരം അനാവശ്യ അവകാശവാദങ്ങളെ തള്ളിക്കളയുകയും ചെയ്തിരുന്നു.



